3,172 ആപ്പുകൾക്ക് പൂട്ടിട്ട് പൊലീസ്: വെർച്വൽ അറസ്റ്റ് തട്ടിപ്പ് കുറഞ്ഞു
കൊച്ചി: സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ കേരളാ പൊലീസ് ഇതുവരെ 3,172 അനധികൃത ആപ്പുകൾ പൂട്ടിച്ചു. 1375 എണ്ണവും വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകളാണ്. കൂടാതെ, 32,670 വെബ്‌സൈറ്റുകളും 17,102 സിമ്മുകളും 2,127 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളും നിർജീവമാക്കി. അന്വേഷണത്തിന്റെ ഭാഗമായി 50,224 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആഭ്യന്തര വകുപ്പിന്റെ രേഖകളിലാണ് ഈ വിവരങ്ങൾ. എന്നിരുന്നാലും, മുന്നറിയിപ്പുകൾ പലതും നൽകിയിട്ടും സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. സൈബർ പൊലീസിന് വലിയ തോതിൽ കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ടെന്നും റപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പെൺകുട്ടികളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെ ഇൻഫോപാർക്ക് സൈബർ പൊലീസ് പിടികൂടിയിരുന്നു. ട്രാഫിക് നിയമലംഘനം നടന്നിട്ടുണ്ടെന്ന പേരിൽ വ്യാജ പരിവാഹൻ സൈറ്റ് വഴി കാക്കനാട് സ്വദേശിയിൽനിന്ന് 98,500 രൂപ തട്ടിപ്പുകാർ കൈക്കലാക്കിയതും സമീപ ദിവസങ്ങളിലാണ്.
വെർച്വൽ അറസ്റ്റ് തട്ടിപ്പ് കുറഞ്ഞു
സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നത് മുതൽ ആകർഷകമായ ഓഫറുകൾ നൽകിവരെ സൈബർ തട്ടിപ്പുകൾ നീളുന്നു . കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ജില്ലയിൽ നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യാപക ബോധവത്കരണം നടത്തിയതിന് പിന്നാലെ സി.ബി.ഐ. ഉദ്യോഗസ്ഥർ ചമഞ്ഞുള്ള വെർച്വൽ അറസ്റ്റ് കേസുകൾ കുറവുവന്നിട്ടുണ്ട്. എന്നാൽ ട്രേഡിംഗ് തട്ടിപ്പുകൾക്ക് ഇപ്പോഴും അറുതിയില്ല. പൂണിത്തുറയിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ് ഒടുവിൽ പരാതിയുമായി കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചത്. വിവിധ തവണകളിലായി ആറ് ലക്ഷം രൂപയാണ് ഇവർ ട്രേഡിംഗ് ആപ്പിൽ നക്ഷേപിച്ചത്. ഇരട്ടി തുക ലാഭമായിരുന്നു വാഗ്ദാനം.
കേസുകൾ - സിറ്റി- റൂറൽ • തൊഴിൽ തട്ടിപ്പ് 20 -3 • ഹാക്കിംഗ് 12, 4 • വ്യാജ പ്രൊഫൈൽ 8-6 • ലൈംഗിക ഉള്ളടക്കം 19, 0 • ഇ വാലറ്റ് തട്ടിപ്പ് 1, 0 • വ്യാജ കോൾ തട്ടിപ്പ് 2, 0 • ആൾമാറാട്ട തട്ടിപ്പ് 2, 7 • സൈബർ ആക്രമണം 11, 2 • സാമ്പത്തിക തട്ടിപ്പ് 5, 0 • വ്യാജ ഇമെയിൽ 1, 0 • ഇമെയിൽ വഴി ഭീഷണി 2, 0 • ഓൺലൈൻ ചൂതാട്ടം 24, 0 • സൈബർ ഭീകരത 1 - 0 • ക്രിപ്റ്റോ കറൻസി തട്ടിപ്പ് 5-0 • മറ്റ് സൈബർ കുറ്റകൃത്യങ്ങൾ 59- 158