ദേശീയ പാത മികച്ച നിലവാരത്തിൽ പുനർനിർമ്മിക്കണം: ഹൈക്കോടതി  പരസ്പരം പഴിചാരൽ അപ്രസക്തം

Friday 06 June 2025 1:03 AM IST

കൊച്ചി: നിർമ്മാണത്തിനിടെ തകർന്ന ദേശീയപാത-66 ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനാണ് പ്രധാന്യം നൽകേണ്ടതെന്ന് ഹൈക്കോടതി. ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കുമ്പോൾ, പരസ്പരം പഴിചാരൽ അപ്രസക്തമാണ്. ശാസ്ത്രീയമായും സമയബന്ധിതമായും പുനർനിർമ്മാണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദേശീയപാത അതോറിറ്റിയോട് നിർദ്ദേശിച്ചു.

മലപ്പുറം കൂരിയാടിലടക്കം ഹൈവേ ഇടിഞ്ഞുതാഴ്ന്നതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ എൻ.എച്ച്.എ.ഐയുടെ അഭിഭാഷകൻ ശ്രമിച്ചിരുന്നു. രണ്ട് ഉദ്യോഗസ്ഥർ സസ്പെൻഷനിലായെന്ന് അറിയിക്കുകയും ചെയ്തപ്പോഴാണ് പഴിചാരൽ വേണ്ടെന്ന് ഓർമ്മിപ്പിച്ചത്.

നിർമ്മാണജോലികൾ എവിടെയൊക്കെയോ പിഴച്ചെന്ന് വ്യക്തമാണ്. എന്നിട്ടും ജനം ക്ഷമയോടെ കാത്തിരിക്കുകയാണ്. മികച്ച നിലവാരത്തോടെ പാത പുനഃസ്ഥാപിക്കുകയാണ് വേണ്ടത്.

ശാസ്ത്രീയമായ പുനർനിർമ്മാണത്തിന് ചെന്നൈ, ഡൽഹി ഐ.ഐ.ടികളുടെ സഹകരണം തേടിയിട്ടുണ്ടെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു. അതോറിറ്റി ചെയർമാൻ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. രാമനാട്ടുകര-വളാഞ്ചേരി മേഖലയിൽ വലതുവശത്തെ സർവീസ് റോഡിലൂടെ വാഹനം കടത്തിവിടാനാണ് ശ്രമിക്കുന്നത്. തുടർനടപടികൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ പാതയെ മൺസൂൺ ദോഷകരമായി ബാധിച്ചിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.