ഗുജറാത്തിന്റെ തനിമയിൽ മട്ടാഞ്ചേരിയിലെ ഗോശാല

Friday 06 June 2025 12:55 AM IST

കൊച്ചി: നവനീത കൃഷ്ണ ക്ഷേത്രത്തിൽ ഗോശാല നിർബന്ധമാണ് ഗുജറാത്തികൾക്ക്. ശ്രീകോവിൽ പോലെ പവിത്രമാണ് ഗോശാലയും. മട്ടാഞ്ചേരി ചെറളായിലെ നവനീതകൃഷ്ണ ക്ഷേത്രവളപ്പിലെ ഗോമാതാക്കളുടെ ആലയം ഉത്തമ ഉദാഹരണം.

1815ൽ കച്ചവടക്കാരായി കൊച്ചിയിൽ എത്തിയവരിൽ ഇപ്പോൾ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശത്തായി 750ലേറെ ഗുജറാത്തി കുടുംബങ്ങളുണ്ട്. ഉച്ചഭക്ഷണത്തിന് വീട്ടിൽ ഒരുക്കുന്ന വിഭവങ്ങൾ ഗോമാതാവിന് വിളമ്പിയ ശേഷമേ അവർ കഴിക്കാറുള്ളൂ. അക്കൂട്ടത്തിൽ കാക്കയ്‌ക്കും നായ്‌ക്കൾക്കും ഭക്ഷണം നൽകും. നിത്യവും ക്ഷേത്രദർശനത്തിന് എത്തുമ്പോൾ ഇഷ്ടദേവനെ തൊഴുത ശേഷം ഗോക്കൾക്ക് പഴവും ശർക്കരയും നിവേദിക്കും. ഹിന്ദു കലണ്ടർ പ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന 'അധിക്' മാസത്തിലെ ഗോപൂജ ഏറെ പ്രസിദ്ധം.

തനി ഗുജറാത്തി ജനുസിൽപ്പെട്ട 14 ഗിർ പശുക്കളും രണ്ട് കിടാങ്ങളും ക്ഷേത്രവളപ്പിലെ ഗോശാലയിലുണ്ട്. തൊട്ടടുത്തുള്ള ഗുജറാത്തി സ്കൂളിൽ രണ്ട് പശുക്കളുള്ള ചെറിയൊരു ഗോശാലയുമുണ്ട്. വരുംതലമുറയും പാരമ്പര്യം സൂക്ഷിക്കണമെന്ന കാഴ്ചപ്പാടിലാണ് സ്കൂളിനോട് ചേർന്നും ഗോശാല നടത്തുന്നത്. പ്രായാധിക്യമോ മറ്റ് അവശതകളോ സംഭവിക്കുന്ന പശുക്കളെ കർണാടകയിലെ ഗോവൃദ്ധസദനത്തിൽ വിശ്രമജീവിതത്തിന് അയയ്‌ക്കും.

1883ലാണ് ഗുജറാത്തി മഹാജൻ എന്ന സംഘടന നവനീതകൃഷ്ണ മന്ദിരത്തോടനുബന്ധിച്ച് ഗോശാല ആരംഭിച്ചത്. പശുവിന്റെ പാലും നെയ്യും ദേവന് നിവേദിച്ചശേഷം ബാക്കിയുള്ളത് അംഗങ്ങൾക്ക് നൽകും. ഗുജറാത്തി സമൂഹത്തിന് പുറമേ തമിഴ് ബ്രാഹ്മണരും കൊങ്കണി സമുദായക്കാരും ഇവിടെയെത്തി ഗോപൂജ നടത്താറുണ്ട്.

 ഗുജറാത്തി സമൂഹം

14ാം നൂറ്റാണ്ടു മുതൽ ഗുജറാത്തികൾ എത്തിയിരുന്നെങ്കിലും 1815ൽ ടിക്കു മുരളീധരൻ എന്ന കച്ചവടക്കാരന്റെ പാത പിന്തുടർന്നാണ് മട്ടാഞ്ചേരിയിൽ ഗുജറാത്തി സമൂഹം രൂപപ്പെട്ടത്. വൈഷ്ണവ, ജൈന വിഭാഗക്കാരാണ് ഏറെയും. ഇരുകൂട്ടർക്കും പ്രത്യേകം ക്ഷേത്രങ്ങളും ആരാധനാരീതികളുമുണ്ട്. 1883ൽ ഗുജറാത്തി മഹാജൻ എന്ന പേരിൽ പൊതുവായ സംഘടന രൂപികരിച്ചു. സ്കൂൾ, കോളേജ്, സത്രം, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. ആകെ ജനസംഖ്യ 5000ലേറെ.

ഗോക്കളെ പൂജിക്കുന്നത് കേവലം അജണ്ടയാണെന്നാണ് മലയാളികളുടെ പൊതുബോധം. അത് വടക്കേ ഇന്ത്യക്കാരുടെ പാരമ്പര്യമാണെന്ന് പലർക്കും അറിഞ്ഞുകൂടാ

ചേതൻ ഷാ

ജനറൽ സെക്രട്ടറി

ഗുജറാത്തി വൈഷ്ണവ് മഹാജൻ.