മേജർ ആർച്ച് ബിഷപ്പും വൈദികരും ചർച്ച നടത്തി
ചേരിതിരിഞ്ഞ് പ്രതിഷേധിച്ച് വിശ്വാസികൾ
കൊച്ചി: എറണാകുളം അതിരൂപത വൈദിക സമിതിയോഗം മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അദ്ധ്യക്ഷതയിൽ വികാരി ജോസഫ് പാംപ്ലാനിയുടെ സാന്നിദ്ധ്യത്തിൽ ചേർന്നു. യോഗം നടക്കുന്നതിനിടെ ഇരുവിഭാഗം ബിഷപ്പ് ഹൗസിന് പുറത്ത് പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ 10.30നാരംഭിച്ച ചർച്ച വൈകിട്ട് 5 വരെ നീണ്ടു. ഫൊറോന വികാരിമാരും പങ്കെടുത്തു. ചർച്ച ക്രിയാത്മകവും ഫലപ്രദമായിരുന്നെന്ന് വൈദികർ പറഞ്ഞു. അതിരൂപതയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്‌തു. വൈദികരുടെ യോഗം ചർച്ച ചെയ്തശേഷം ജൂലായ് മൂന്നിനകം പരിഹരിക്കുമെന്ന് അവർ അറിയിച്ചു. യോഗത്തെച്ചൊല്ലി ബിഷപ്പ് ഹൗസിന് മുമ്പിൽ സംഘർഷമുണ്ടായി.
ജനാഭിമുഖ കുർബാന പൂർണമായി നടപ്പാക്കണമെന്നും കൂരിയയെ പുറത്താക്കണമെന്നും അൽമായ മുന്നേറ്റം സംഘടിപ്പിച്ച വിശ്വാസസംഗമം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷൈജു ആന്റണി, സെക്രട്ടറി പി.പി ജെറാർദ്, ഫാ.നിതിൻ പനവേലി തുടങ്ങിയവർ പ്രസംഗിച്ചു.
വൈദികരെ മാറ്റി നിറുത്താനും പ്രതിഷേധം
അച്ചടക്കനടപടി നേരിടുന്ന 11 വൈദികരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന സംയുക്ത സഭാ സംരക്ഷണ സമതി, വൺ ചർച്ച് വൺ കുർബാന എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്. വൈകിട്ട് ബിഷപ്പ് ഹൗസിന് മുമ്പിൽ പ്രകടനം നടത്തിയ പ്രവർത്തകരെ പൊലീസ് നീക്കം ചെയ്‌തു.