പഴിചാരൽ ബാക്കി
ബംഗളുരു : 11 പേരുടെ മരണത്തിനിടയാക്കിയ ആർ.സി.ബിയുടെ ഐ.പി.എൽ കിരീട വിജയാഘോഷത്തിനിടെയുണ്ടായ തിക്കിത്തിരക്കിനെക്കുറിച്ച് സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിരിക്കേ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പരസ്പരം പഴിചാരുകയാണ് ആർ.സി.ബി ക്ളബും കർണാടക ക്രിക്കറ്റ് അസോസിയേഷനും സർക്കാരും പൊലീസും.
മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയാണ് ആർ.സി.ബിയും ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് കിരീടം നേടിയതിന്റെ പിറ്റേന്നുതന്നെ ആഘോഷമൊരുക്കാൻ തീരുമാനിച്ചതെന്നും കർശന നിയന്ത്രണങ്ങളോടെയാണ് തങ്ങൾ പരിപാടിക്ക് അനുമതി നൽകിയതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ തങ്ങൾ പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയപ്പോൾ അതുനിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് സംവിധാനം ഒരുക്കിയിരുന്നില്ലെന്നാണ് ക്ളബിന്റേയും ക്രിക്കറ്റ് അസോസിയേഷന്റേയും ആരോപണം. സ്റ്റേഡിയത്തിലെ ആഘോഷത്തിന് മുന്നേ നടന്ന വിധാൻ സൗധയിലെ സ്വീകരണത്തിനായാണ് കൂടുതൽ പൊലീസിനെ വിന്യസിച്ചതെന്നും ആരോപണമുണ്ട്.
ഉത്തരവാദിത്വപ്പെട്ടവർ ആരുമുണ്ടായില്ല
1. ആർ.സി.ബി ഉടമകളുടെ കുടുംബാംഗങ്ങളും കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ കുടുംബാംഗങ്ങളും അഫിലിയേറ്റഡ് ക്ളബുകളിലെ അംഗങ്ങളും പങ്കെടുക്കുന്ന പരിപാടി നടത്താനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. ഗാലറിയിൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്നും നിബന്ധനയുണ്ടായിരുന്നു.
2.തുറന്ന ബസിൽ നടത്താനിരുന്ന വിക്ടറി പരേഡ് കാണാനാണ് ജനക്കൂട്ടമെത്തിയത്. എന്നാൽ ഇത് റദ്ദാക്കിയതോടെ ആളുകൾ ചിന്നസ്വാമിയിലെ പരിപാടി കാണാൻ അവിടേക്ക് കൂട്ടമായെത്തി. എന്നാൽ ഇവരെ നിയന്ത്രിക്കാൻ പൊലീസോ സംഘാടകരോ ഉണ്ടായില്ല.
3.സോഷ്യൽ മീഡിയിലൂടെ ആരാധകരോട് സൗജന്യ പ്രവേശനമെന്നും ആദ്യമെത്തുന്നവർക്ക് സീറ്റെന്നുമറിയിച്ചതോടെ 40000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് രണ്ടുലക്ഷത്തോളം പേരെത്തി. ഇതോടെ ഗേറ്റുകൾ അടച്ച് പ്രവേശനം തടയാൻ നോക്കിയതോടെ ജനങ്ങളും തള്ളിക്കയറാൻ ശ്രമിച്ചു.
4. സ്റ്റേഡിയത്തിന്റെ ചില ഗേറ്റുകളിലൂടെ മാത്രമായിരുന്നു പ്രവേശനം നിശ്ചയിച്ചിരുന്നത്. ഗേറ്റുകൾ തുറന്നപ്പോൾ ആളുകൾ തള്ളിക്കയറിയാണ് അപകടമുണ്ടായത്. മരത്തിന് മുകളിലും കാറുകൾ മുകളിലുമായൊക്കെ നിരവധിപ്പേർ വലിഞ്ഞുകയറിയതും ഓട തകർന്നതുമൊക്കെ അപകടത്തിന്റെ രൂക്ഷത കൂട്ടി.