വെസ്റ്റ് ഹാമിനായി രാഹുൽ പന്തുതട്ടി, സന്തോഷത്തിൽ കണ്ണോളി കുടുംബം

Thursday 05 June 2025 10:35 PM IST

തൃശൂർ: അമേരിക്കയിൽ നടക്കുന്ന സെവൻസ് ഫുട്ബാൾ മത്സരമായ ദി സോക്കർ ടൂർണമെന്റിൽ തങ്ങളുടെ ഇളമുറക്കാരൻ കെ.പി.രാഹുൽ ഇംഗ്ളീഷ് ക്ളബ് വെസ്റ്റ് ഹാമിനായി കളിക്കാനിറങ്ങിയതിന്റെ ആവേശത്തിലാണ് തൃശൂരിലെ ഒല്ലൂക്കരയിലെ 'ഫുട്ബാൾ തറവാടാ"യ കണ്ണോളി വീട്. കഴിഞ്ഞരാത്രി ബ്രൗ​ൺ​ ​ബാ​ളേ​ഴ്‌​സി​നെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ലാണ് രാഹുൽ ഇറങ്ങിയത്. രാഹുലിന് ഗോളടിക്കാനായില്ലെങ്കിലും ​ 3​-1​ന് ​വെ​സ്റ്റ്ഹാം​ ​വി​ജ​യി​ച്ചു.

സെർജിയോ അഗ്യുറോ, നാനി, മാർക്കോ മറ്റെരാസി തുടങ്ങിയ ഇതിഹാസ താരങ്ങൾ കഴിഞ്ഞവർഷം കളിച്ച ടൂർണമെന്റിലാണ് ഇന്ത്യയിൽ നിന്നൊരാൾ ആദ്യമായി ഇറങ്ങുന്നത്. ഇംഗ്ലീഷ് ക്ലബ്ബുകളായ കോവെൻട്രി സിറ്റിയിലും വാട്ട്‌ഫോർഡിലും രണ്ടുപതിറ്റാണ്ടുകാലമുണ്ടായിരുന്ന ഒഡിഷ എഫ്.സിയുടെ ഇപ്പോഴത്തെ സി.ഇ.ഒ രാജ് അത്വാൾ വഴിയാണ് രാഹുൽ യൂറോപ്യൻ ഫുട്ബാളിന്റെ ഭാഗമാകുന്നത്. 'ആദ്യമേ റയൽ മാഡ്രിഡിൽ കളിക്കണമെന്നൊന്നും സ്വപ്‌നം കാണാനാകില്ലല്ലോ... വിദേശത്ത് സെവൻസ് ഫുട്ബാളെങ്കിലും കളിക്കണമെന്നത് ആഗ്രഹമുണ്ടായിരുന്നു."- രാഹുൽ സന്തോഷത്തോടെ പറയുന്നു. രാഹുലിന്റെ പിതാവ് പ്രവീണും അമ്മ ബിന്ദുവും സഹോദരി നന്ദനയും കൂടെ കേരള പൊലീസിന്റെ അത്‌ലറ്റായിരുന്ന മുത്തച്ഛൻ കെ.എസ്.ബാലനും ഉൾപ്പെടെയുള്ള കായിക കുടുംബം രാഹുലിന്റെ നേട്ടത്തിൽ ആനന്ദത്തിലാണ്. 'ചർച്ചിൽ ബ്രദേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞ സന്തോഷ് ബന്ധുവാണ്. അദ്ദേഹത്തെ കണ്ടാണ് രാഹുൽ പന്ത് തട്ടിത്തുടങ്ങിയത്. തൃശൂർ പവർ ഡിപ്പോ എന്ന ഫുട്ബാൾ ക്ലബ് ഞങ്ങളുടെ കുടുംബത്തിന്റേതാണ്. ഞാനും ഒരു അമേച്വർ ഫുട്ബാൾ പ്ലെയറാണ് ". - രാഹുലിന്റെ അച്ഛൻ പ്രവീൺ പറയുന്നു.

കെ.പി രാഹുൽ

ജൂനിയർ തലത്തിൽ മികവുതെളിയിച്ച രാഹുൽ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ എലൈറ്റ് അക്കാഡമിയിലൂടെയാണ് രൂപപ്പെട്ടത്.2015ൽ ഇന്ത്യൻ അണ്ടർ 17 ടീമിൽ അംഗമായ രാഹുൽ 2017ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. 2017ൽ ഇന്ത്യൻ ആരോസ് ക്ളബിലൂടെ പ്രൊഫഷണൽ ക്ളബ് ഫുട്ബാളിലേക്ക്. 2019ൽ ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിലെത്തി. 80 കളികളിൽ എട്ടുഗോളുകൾ നേടി. കഴിഞ്ഞ വർഷം ഒഡീഷ എഫ്.സിയിലേക്ക് കൂടുമാറി.