ആർ.സി.ബിയും 10 ലക്ഷം നൽകും

Thursday 05 June 2025 10:39 PM IST

ബംഗളുരു : ചിന്നസ്വാമിയിലെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം വീതം നൽകുമെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളുരു ക്ളബ് അധികൃതർ അറിയിച്ചു. നേരത്തേ കർണാടക സർക്കാരും 10 ലക്ഷം സഹായം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ പരിപാടിയിൽ ഇത്തരമൊരു സംഭവമുണ്ടായതിൽ അതിയായ ദുഖമുണ്ടെന്നും അപകടത്തിനിരയായവർക്കൊപ്പം നിൽക്കുന്നെന്നും ക്ളബ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം തിക്കിലും തിരക്കിലും ആളുകൾ മരിച്ചുവെന്നറിഞ്ഞിട്ടും സ്റ്റേഡിയത്തിനുള്ളിൽ ആഘോഷം തുടർന്നതിൽ ആർ.സി.ബിക്കും താരങ്ങൾക്കുമെതിരെ കനത്തരോഷമാണ് ഉയരുന്നത്. എന്നാൽ കളിക്കാരും ടീം മാനേജ്മെന്റും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും വിവരം ലഭിച്ചപ്പോൾ പരിപാടി വെട്ടിച്ചുരുക്കി ടീമംഗങ്ങളെ മാറ്റിയെന്നും ക്ളബ് പറയുന്നു.

താരങ്ങൾ മടങ്ങി

കിരീടാഘോഷം ദുരന്തമായി മാറിയതോടെ ആർ.സി.ബിയുടെ കളിക്കാരും പരിശീലകരും ടീം സഹായകളും ബംഗളുരുവിൽ നിന്ന് മാറി. സൂപ്പർ താരം വിരാട് കൊഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും മുംബയ്‌യിലേക്കാണ് മടങ്ങിയത്. ദുരന്തത്തിൽ വിരാട് സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിരുന്നു.