നിലമ്പൂർ കളത്തിൽ പത്ത് പേർ; പോരാട്ടച്ചൂട് ഉയരും

Friday 06 June 2025 1:03 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ അങ്കത്തട്ടിൽ പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തു പേർ. പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായ ഇന്നലെ നാലു പേർ പിൻവാങ്ങി. എൽ.ഡി.എഫിനായി എം.സ്വരാജ്, യു.ഡി.എഫിന് ആര്യാടൻ ഷൗക്കത്ത്, എൻ.ഡി.എയ്ക്കായി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ എന്നിവർ തമ്മിലാകും പ്രധാന മത്സരം. അൻവറിന്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് പിന്മാറിയിട്ടുണ്ട്. അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും.

മത്സരം കൊഴുപ്പിക്കാൻ ദേശീയ നേതാക്കളുടെ ഉൾപ്പെടെ നിര നിലമ്പൂരിലെത്തും. 13,14,15 തിയതികളിൽ നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആറ് കൺവെൻഷനുകളിൽ പങ്കെടുക്കും. 14ന് പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ ഷോയും കൺവെൻഷനുകളും നടക്കും. ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുമായി അടുപ്പമുള്ളയാൾ എൻ.ഡി.എ സ്ഥാനാർത്ഥിയായി വന്നതോടെ വോട്ട് ചോർച്ച ഭയക്കുന്ന യു.ഡി.എഫ്, പ്രിയങ്കയുടെ വരവോടെ ചിത്രം മാറുമെന്ന കണക്കുകൂട്ടലിലാണ്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇന്നലത്തെ സന്ദർശനം എൻ.ഡി.എ ക്യാമ്പിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്. പോരാട്ടം കനപ്പിക്കാൻ മൂന്ന് മുന്നണികളും ഡിജിറ്റൽ വാർ റൂമുകൾ തുറന്നു. വാർ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെയും അടുക്കും ചിട്ടയോടെയും പ്രവർത്തിക്കുന്നത് സി.പി.എമ്മിനെ സംബന്ധിച്ച് പുതുമയല്ല. എന്നാൽ ഇത് പതിവ് കാഴ്ചയല്ലാത്ത കോൺഗ്രസ് ഇക്കാര്യത്തിൽ നിലമ്പൂരിൽ ഒരു പിടി മുന്നിലാണ്. കെ.പി.സി.സി നേതൃത്വം ഒന്നാകെ നിലമ്പൂരിലുണ്ട്. പതിവിനേക്കാൾ ആവേശം മുസ്‌‌ലിം ലീഗ് ക്യാമ്പും പ്രകടിപ്പിക്കുന്നുണ്ട്. പെരുന്നാൾ കഴിഞ്ഞ് പ്രചാരണമെന്ന് പ്രഖ്യാപിച്ച അൻവർ ഇന്നലെ എടക്കരയിലെ കാലിച്ചന്തയിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു.കത്രിക കൊണ്ട് പിണറായിസത്തിന്റെ അടിവേര് വെട്ടുമെന്ന് അൻവർ പറഞ്ഞു.

ദേശീയപാതയിൽ

പിടിവലി

ദേശീയപാതയുടെ തകർച്ചയാണ് ഇന്നലെ തിരഞ്ഞെടുപ്പ് ഗോഥയിൽ പ്രധാനമായും മുഴങ്ങിയത്. ദേശീയപാത വികസനത്തിന്റെ കാലനാവാൻ കെ.സി. വേണുഗോപാൽ ശ്രമിച്ചെന്ന മന്ത്രി റിയാസിന്റെ ആരോപണം കോൺഗ്രസ് ക്യാമ്പിനെ ചൊടുപ്പിച്ചു. ദേശീയപാതയിൽ ആദ്യം തള്ളലും പാതയിലെ വിള്ളലിലെ പ്രതിഷേധം ജനങ്ങൾ അറിയിച്ചപ്പോൾ മന്ത്രി റിയാസിന്റേത് തുള്ളലുമായി മാറിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് വിമർശിച്ചു. പെൻഷൻ വിവാദത്തിൽ പിടി മുറുക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.