ഭാരതാംബയുടെ ചിത്രം ഗവർണറുടെ നിർദ്ദേശപ്രകാരം അടുത്തിടെ വാങ്ങിയത്
തിരുവനന്തപുരം: വിവാദമുണ്ടാക്കിയ ഭാരതാംബയുടെ ചിത്രം ഗവർണർ ആർ.വി.ആർലേക്കറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ അടുത്തിടെ തിരുവനന്തപുരത്തെ കടയിൽ നിന്ന് വാങ്ങിയതാണ്. മറ്റ് സംസ്ഥാനങ്ങളുടെ രൂപീകരണ ദിനാഘോഷ ചടങ്ങുകളിലടക്കം ഈ ചിത്രം ഉപയോഗിച്ചിരുന്നു. അടുത്തിടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുടെ പ്രഭാഷണം രാജ്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചപ്പോഴും ചിത്രത്തിൽ പുഷ്പാർച്ചനയുണ്ടായിരുന്നു. മിക്ക രാജ്ഭവനുകളിലും ഈ ചിത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് ഇത് വാങ്ങാൻ നിർദ്ദേശിച്ചപ്പോൾ ഗവർണർ അറിയിച്ചത്.
അതേസമയം, ഭാരതാംബയോട് അങ്ങേയറ്റത്തെ ആദരവും സ്‌നേഹവുമുണ്ടെങ്കിലും ആർ.എസ്.എസ് മാത്രം ഉപയോഗിക്കുന്ന ചിത്രം വയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. ഭരണഘടനാപരമായ പദവി വഹിക്കുന്നവർക്ക് അതിർവരമ്പുകളുണ്ട്. കൃഷിവകുപ്പിന്റെ പരിപാടികളിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടിയുമായി താൻ വന്നാൽ എന്താവും അവസ്ഥ.
സർക്കാർ പരിപാടികളിലുൾപ്പെടെ കുട്ടികളെ കൊണ്ട് ഭാരതാംബയുടെ വേഷം കെട്ടിക്കാറുണ്ട്. രാജ്ഭവനിൽ വച്ചിരുന്നത് സാധാരണ ഉപയോഗിക്കുന്ന ചിത്രമല്ല. അടുത്തിടെ കേരളശ്രീ പുരസ്‌കാരം വിതരണം ചെയ്തത് ഗവർണറാണ്. മുഖ്യമന്ത്രി ഉൾപ്പെടെ വേദിയിൽ ഉണ്ടായിരുന്നു. ഇത്തരത്തിലൊരു ചിത്രമോ പുഷ്പാർച്ചനയോ ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കും ഈ ചിത്രം ഉപയോഗിച്ചിരുന്നില്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ബാദ്ധ്യതയുള്ള ഗവർണർ, രാജ്ഭവനിലെ പരിപാടിയിൽ ഇത്തരമൊരു കാര്യം നിർബന്ധമാക്കിയത് സർക്കാരിന് അംഗീകരിക്കാനാവില്ല. ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തിയുടെ പ്രഭാഷണം രാജ്ഭവനിൽ നടത്തിയിരുന്നു. ഒരു വിഭാഗത്തിന്റെ പരിപാടിക്ക് രാജ്ഭവനെ വേദിയാക്കാൻ പാടില്ല. - മന്ത്രി വ്യക്തമാക്കി.
എന്നാൽ, പരിസ്ഥിതിദിനാഘോഷം രാജ്ഭവനിൽ നടത്താൻ കൃഷിമന്ത്രി അഭ്യർത്ഥിച്ചപ്പോൾ സന്തോഷത്തോടെയാണ് അനുമതി നൽകിയതെന്ന് ഗവർണർ വിശദീകരിച്ചു. ചരിത്രാതീത കാലം മുതൽ വൃക്ഷങ്ങളേയും, ജലത്തിനേയും, വായുവിനേയും വന്ദിച്ച് സംരക്ഷിച്ചുപോരുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. അത് ഉപേക്ഷിച്ചുകൊണ്ട് യഥാർത്ഥ പ്രകൃതി സംരക്ഷണം സാദ്ധ്യമല്ലെന്ന് മനസ്സിലാക്കണം- ഗവർണർ വ്യക്തമാക്കി.