പൊതുമേഖലാ സ്ഥാപനങ്ങൾ ലക്ഷ്യമാക്കേണ്ടത് ലാഭം: മന്ത്രി പി. രാജീവ്

Friday 06 June 2025 1:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭം ലക്ഷ്യമാക്കിവേണം പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാൻ രൂപീകരിച്ച ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ ഏർപ്പെടുത്തിയ ബിസിനസ്‌പ്ലാനും ധാരണാപത്രവും ഒപ്പിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിറ്റുവരവ് 5000 കോടി കടന്നത് ഏറെ അഭിമാനകരമാണ്. കഴിഞ്ഞ വർഷം തയ്യാറാക്കിയ ബിസിനസ് പ്ലാനും ധാരണാ പത്രവും അടിസ്ഥാനമാക്കി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട്.

അടുത്ത വർഷം 6150 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവർത്തനം കാഴചവച്ച പൊതുമേഖലാസ്ഥാപനങ്ങൾക്കുള്ള അഭിനന്ദനപത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു.

ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ ചെയർമാൻ കെ. അജിത്കുമാർ 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷനായി. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്,മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് സെക്രട്ടറി ഹരികുമാർ,ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ മെമ്പർ സെക്രട്ടറി പി. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.