വസ്തു തർക്കം : വീടുകയറി ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ
Thursday 05 June 2025 11:14 PM IST
പത്തനംതിട്ട : വസ്തുസംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടമ്മയെയും സഹോദരിയേയും വീട്ടിൽകയറി അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പന്തളം പൊലീസ് പിടികൂടി. കുരമ്പാല വടക്ക് മാവര കുറുമ്പോലയ്യത്ത് താഴെതിൽ വീട്ടിൽ ജി വിഷ്ണു (28) ആണ് അറസ്റ്റിലായത്. ഇയാൾ കേസിൽ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി ശിവാനന്ദൻ ഒളിവിലാണ്. ഈമാസം രണ്ടിന് വൈകിട്ട് 4 നാണ് സംഭവം. കുരമ്പാല കുരുമ്പേലി മുകളിൽ പാറയ്ക്ക് സമീപം കിഴക്കേക്കര വീട്ടിൽ കെ. എസ് ആശാലത (59) ക്കും സഹോദരിക്കുമാണ് പ്രതികളുടെ മർദ്ദനമേറ്റത്. ആശാലതയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചകയറിയ പ്രതികൾ ഇരുവരെയും അസഭ്യം വിളിച്ചത് ആശാലത ഫോണിൽ പകർത്തി. പ്രകോപിതനായ വിഷ്ണു കൈയിലിരുന്ന കമ്പുകൊണ്ട് ഇവരെ ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.