ഇൻഷ്വറൻസ് പോളിസികളുടെ ജാമ്യത്തിലെ വായ്പകളിൽ കുതിപ്പ്

Friday 06 June 2025 12:14 AM IST

കൊച്ചി: ഐ.സി.ഐ.സി.ഐ പ്രൂഡെൻഷ്യല്‍ ലൈഫ് പരമ്പരാഗത പോളിസികളുടെ ഈടിൽ നടപ്പു സാമ്പത്തിക വർഷത്തിൽ 900 കോടി രൂപയിലേറെ വായ്പ നൽകി. ഉപഭോക്താക്കൾക്കുണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ നേരിടാൻ പണം ലഭ്യമാക്കാനാണ് പോളിസികളിനുമേലുള്ള ഈ വായ്പകൾ വഴി ലക്ഷ്യമിടുന്നത്. ഇങ്ങനെ നൽകിയ വായ്പകളിൽ 98 ശതമാനവും 24 മണിക്കൂറിനുള്ളിൽ വിതരണം ചെയ്തു. സാമ്പത്തിക അത്യാവശ്യങ്ങൾ നേരിടുന്ന വേളയിൽ ദീർഘകാല സമ്പാദ്യത്തിന്റെ നേട്ടവും ഇൻഷ്വറൻസ് പരിരക്ഷയും തുടരാനുള്ള അവസരമാണ് ഈ വായ്പകൾ. ബാങ്കിംഗ്-ധനകാര്യ സേവന മേഖലയിൽ ലഭ്യമായതിനേക്കാൾ കുറഞ്ഞ പലിശ നിരക്കിലാണ് ഇവിടെ വായ്പകൾ നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 42,700 ഉപഭോക്താക്കൾക്കാണ് വായ്പകൾ നൽകിയത്. ലൈഫ് ഇൻഷ്വറൻസ് ദീർഘകാല പദ്ധതിയാണെന്നും ഇതിനിടെ ഉപഭോക്താക്കൾക്ക് പണം ആവശ്യമായി വരുമെന്ന് അറിയാമെന്നും ഐ.സി.ഐ.സി.ഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ അമിഷ് ബാങ്കർ പറഞ്ഞു.