പരിസ്ഥിതി സന്ദേശത്തിന് കളക്ടറുടെ ബസ് യാത്ര

Thursday 05 June 2025 11:16 PM IST

പത്തനംതിട്ട : പരിസ്ഥിതി ദിനമായ ഇന്നലെ രാവിലെ 9.20ന് കുലശേഖരപതി ബസ് സ്റ്റോപ്പിൽ ബസ് കയറാനായി ജില്ലയ്ക്ക് പ്രിയപ്പെട്ടൊരു മുഖം കൂടിയുണ്ടായിരുന്നു. പത്തനംതിട്ടക്കാരുടെ സ്വന്തം കളക്ടർ എസ്.പ്രേം കൃഷ്ണൻ . ടിക്കറ്റെടുത്ത് ഗൺമാനോടൊപ്പം ജില്ലാ കളക്ടറെ കണ്ടപ്പോൾ യാത്രക്കാർക്ക് അന്തംവിട്ടു. സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി കളക്ടറെ കണ്ട യാത്രക്കാർ സെൽഫി പകർത്താൻ തിരക്കുകൂട്ടി. അടുത്ത കെ.എസ്.ആർ.ടി.സി ബസിൽ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്കെത്തി. പിന്നീട് കാൽനടയായി കളക്ടറേറ്റിലേക്ക്. കളക്ടറേറ്റ് അങ്കണത്തിൽ ഫലവൃക്ഷ ത്തൈ നട്ട ശേഷമാണ് കളക്ടർ ചേംബറിലെത്തുന്നത്. പരിസ്ഥിതി ദിനത്തിൽ പച്ചക്കളർ ഷർട്ട് ധരിച്ചാണ് ഇന്നലെ കളക്ടർ ഓഫീസിലെത്തിയത്. വായുമലിനികരണത്തിൽ നിന്ന് മുക്തി നേടാൻ കാർ ഒഴിവാക്കി പൊതുഗതാഗതത്തെ ആശ്രയിക്കാമെന്ന സന്ദേശം നൽകാനാണ് അദ്ദേഹം ഇന്നലെ ഇത്തരത്തിലൊരു യാത്ര നടത്തിയത്. ഫേസ്ബുക്കിൽ കഴിഞ്ഞദിവസം കുറിച്ച സന്ദേശം ജില്ലാ കളക്ടർ പ്രാവർത്തികമാക്കുകയായിരുന്നു. പൊതുഗതാഗത സംവിധാനം യാത്രയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇത് മാതൃകയാക്കണമെന്നാണ് സോഷ്യമീഡിയയിലെ കമന്റുകൾ.