തമിഴ്നാട്ടിലേക്കും പ്രവർത്തനം വിപുലീകരിച്ച് ടാൽറോപ്
ചെന്നൈ: കേരളത്തിലെ സ്‌റ്റാർട്ടപ്പ് വികസന ശൃംഖല തമിഴ്നാട്ടിലേക്കും വിപുലീകരിക്കാൻ ടാൽറോപ്പ് ഒരുങ്ങുന്നു. അമേരിക്കയിലെ സിലിക്കൺ വാലി മാതൃകയിലുള്ള ടാൽറോപ് ഇക്കോസിസ്റ്റമാണ് തമിഴ്നാട്ടിലും നടപ്പാക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും ബിസിനസുകൾക്കുമെല്ലാം ആഗോളതലത്തിൽ സ്കെയിൽ ചെയ്യുന്നതിന് സഹായകമായ വിപണന സംവിധാനമാണ് ഒരുക്കുന്നത്. കേരളത്തിലെ 941 പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മിനി ഐ.ടി പാർക്കുകൾക്ക് സമാനമായ 1064 വില്ലേജ് പാർക്കുകളാണ് നിർമ്മിക്കുന്നത്. 140 ടെക്കീസ് പാർക്കുകളും 140 ഇൻവെന്റർ പാർക്കുകളും തയ്യാറാക്കുന്നു. 20 ലോക്‌സഭ മണ്ഡലങ്ങളിലും റീജിയണൽ ഓഫീസുകൾ ആരംഭിക്കും.
ചെന്നെയിൽ സ്റ്റേറ്റ് ഓഫീസും 39 ലോക്‌സഭ മണ്ഡലങ്ങളിൽ 39 ടെക്കീസ് പാർക്കുകളും ഇൻവെന്റർ പാർക്കുകളും വീതം ടാൽറോപ്പ് സജ്ജമാക്കും. ചെന്നെയിലെ ടാൽറോപിന്റെ സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ബോർഡ് ഡയറക്ടറും ചീഫ് ഓപ്പറേഷൻ ഓഫീസറുമായ ജോൺസ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ ടാൽറോപ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഡയറക്ടർ ആൻമേരി ജിജു, എച്ച്.ആർ ഡയറക്ടർ അനു എൻ. അബു, സെയിൽസ് ഡയറക്ടർ പി. ജെ പ്രവീൺ, വൈസ് പ്രസിഡന്റ് അനന്തുരാജ് തുടങ്ങിയവർ പങ്കെടുത്തു.