കന്നുകാലി ഇൻഷ്വറൻസിന് കേരള ബാങ്കും എ.ഐ.സി.യും ധാരണയിൽ
തിരുവനന്തപുരം: ക്ഷീരകർഷകർക്കും മിൽമയിൽ രജിസ്റ്റർ ചെയ്ത കർഷകർക്കും വായ്പകളിലും കുറഞ്ഞ നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനിയുമായി(എ.ഐ.സി) കേരള ബാങ്ക് ധാരണ പത്രം ഒപ്പുവച്ചു. മിൽമയിൽ രജിസ്റ്റർ ചെയ്ത 10.6 ലക്ഷത്തിലധികം ക്ഷീരകർഷകർ വായ്പയെടുക്കുമ്പോൾ കുറഞ്ഞ നിരക്കിൽ കന്നുകാലി ഇൻഷ്വറൻസ് ലഭിക്കും. കേരള ബാങ്കിന്റെ കൊച്ചിയിലെ കോർപ്പറേറ്റ് ബിസിനസ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലിന്റെ സാന്നിദ്ധ്യത്തിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോയ്ക്ക് അഗ്രികൾച്ചറൽ ഇൻഷ്വറൻസ് ജനറൽ മാനേജർ ലളിത് ഖർബാണ്ഡ ധാരണാപത്രം കൈമാറി. സംസ്ഥാനത്തെ പാലുത്പാദനം വർദ്ധിപ്പിക്കാനായി കേരള ബാങ്ക് മിൽമയുമായി നേരത്തെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.
കേരള ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലൂടെ ക്ഷീരകർഷകർക്ക് 'ക്ഷീര മിത്ര' വായ്പ പദ്ധതിയിലൂടെ ലളിതമായ വ്യവസ്ഥയിൽ കന്നുകാലികളെ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി മൂന്ന് ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകും.