ഇത്തവണ ഓണം കളറാക്കാം; 1,020.3 ഏക്കർ സ്ഥലത്ത് കുടുംബശ്രീയുടെ കൃഷിയൊരുങ്ങുന്നു
മലപ്പുറം: ഇത്തവണ ഓണത്തിന് ജില്ലയിൽ കൂടുതൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്യാൻ ആരംഭിച്ച് കുടുംബശ്രീ. 1,020.3 ഏക്കർ സ്ഥലത്ത് 5,488 കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്. ജില്ലയിലെ കുടുംബശ്രീയുടെ വിവിധ സി.ഡി.എസുകളിലായി 4,024 കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഓണത്തിനാവശ്യമായ പച്ചക്കറി ഉല്പാദിപ്പിക്കുന്ന 'ഓണക്കനി' പദ്ധതി ആരംഭിച്ചത്. 830.45 ഏക്കർ സ്ഥലത്താണ് കൃഷി. 1,006 സംഘകൃഷി ഗ്രൂപ്പുകൾ (ജെ.എൽ.ജി) വഴി പയർ, പാവൽ, വെണ്ട, പടവലം, ചീര, നേന്ത്രക്കായ, ചേന, വഴുതന, മുളക് എന്നിവയെല്ലാമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഓണത്തിന് മുന്നോടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 253 സംഘകൃഷി ഗ്രൂപ്പുകൾ ചേർന്ന് 354.25 ഏക്കറിലാണ് പച്ചക്കറി കൃഷിയൊരുക്കിയത്. പച്ചക്കറിയ്ക്ക് പുറമെ സദ്യയ്ക്ക് ആവശ്യമായവയെല്ലാം കുടുംബശ്രീകളിലൂടെ ഉത്പാദിപ്പിച്ച് ഓണക്കിറ്റ് ഒരുക്കുകയും ചെയ്യും. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കുക ലക്ഷ്യമിട്ടുള്ള 'നിറപൊലിമ' പദ്ധതിയിലൂടെ 189.85 ഏക്കർ സ്ഥലത്താണ് പൂക്കൃഷി ചെയ്യുന്നത്. 366 സംഘകൃഷി ഗ്രൂപ്പുകൾ വഴി 1,464 കുടുംബശ്രീ അംഗങ്ങളാണ് പൂക്കൃഷി ആരംഭിച്ചത്. ജമന്തി, മല്ലിക, വാടാമല്ലി തുടങ്ങിയ പൂക്കളാണ് കൃഷിയിറക്കുന്നത്. പെരുമ്പടപ്പ്, മാറഞ്ചേരി, നന്നംമുക്ക്, കാലടി, ആലങ്കോട് തുടങ്ങിയ സി.ഡി.എസുകളാണ് കൂടുതൽ പൂകൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 64 സംഘകൃഷി ഗ്രൂപ്പുകൾ ചേർന്ന് 42.5 ഏക്കറിലാണ് പൂക്കൃഷി ചെയ്തിരുന്നത്. നിലവിൽ ഇവയുടെയെല്ലാം വിത്തിടലാണ് നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ, ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും ഓണം ഫെയർ നടക്കും. ജില്ലാതല ഓണം ഫെയറും നടക്കും. കുടുംബശ്രീയുടെ കാറ്ററിംഗ് കഫേ യൂണിറ്റ് ഫുഡ് ഫെസ്റ്റും ഒരുക്കും. കുടുംബശ്രീയുടെ ഇ-കൊമേഴ്സ് പോർട്ടലായ പോക്കറ്റ് മാർട്ടിലൂടെ ഉല്പന്നങ്ങൾ ഓൺലൈനായും ലഭ്യമാക്കും. കഴിഞ്ഞ ഓണത്തിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കിയ 'ഓണക്കനി', 'നിറപൊലിമ' പദ്ധതികൾ വിജയമായതോടെ ഇത്തവണ കൂടുതൽ സ്ഥലത്ത് ഒരുക്കാൻ തീരുമാനിച്ചത്.
2025 - 2024
ഓണക്കനി - 830.45 ഏക്കർ -------- 354.25 ഏക്കർ 1,006 സംഘക്കൃഷി ഗ്രൂപ്പുകൾ----- 253 സംഘക്കൃഷി ഗ്രൂപ്പുകൾ
നിറപൊലിമ - 189.85 ഏക്കർ-- --- - 42.5 ഏക്കർ 366 സംഘക്കൃഷി ഗ്രൂപ്പുകൾ- ------- 64 സംഘക്കൃഷി ഗ്രൂപ്പുകൾ