കാമ്പസ് ഹരിതാഭമാക്കിയവരെ ആദരിച്ച് കാലിക്കറ്റ് സർവകലാശാല

Thursday 05 June 2025 11:21 PM IST

തേഞ്ഞിപ്പലം: കാമ്പസിനെ ഹരിതാഭവും ശുചിത്വവുമാക്കാൻ നേതൃത്വം നൽകിയ വിരമിച്ച രണ്ട് അധ്യാപകർക്ക് പരിസ്ഥിതിദിനത്തിൽ ആദരമേകി കാലിക്കറ്റ് സർവകലാശാല. ബോട്ടണി പഠനവകുപ്പിലെ അധ്യാപകരായിരുന്ന ഡോ. ജോൺ ഇ തോപ്പിൽ, ഡോ. എ.കെ. പ്രദീപ് എന്നിവരെയാണ് ആദരിച്ചത്. സർവകലാശാലയുടെ ഗ്രീൻ കമ്മിറ്റി കൺവീനറായിരുന്നു ഡോ. ജോൺ തോപ്പിൽ. ലാന്റ് സ്‌കേപ്പിങ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നയാളാണ് ഡോ. പ്രദീപ്. കാമ്പസിൽ തണൽ മരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപരിപാലിച്ചിരുന്ന ഡോ. കെ.വി. ബാലകൃഷ്ണനെക്കുറിച്ചുള്ള ' മരങ്ങൾ, ഓർമകൾ ' എന്ന ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. അടുത്തിടെ അന്തരിച്ച ഡോ. ബാലകൃഷ്ണൻ സർവകലാശായിൽ നിന്നു സയന്റിഫിക് ഓഫീസറായി വിരമിച്ചയാളാണ്. ഡോക്യുമെന്ററി സംവിധാനം ചെയ്ത ടി.കെ. രാജീവിനെ ചടങ്ങിൽ അനമോദിച്ചു. വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ചുവർഷത്തിനകം സർവകലാശാലാ കാമ്പസ് കാർബൺ ന്യൂട്രലാക്കുന്ന തരത്തിൽ തൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിക്കും ഗ്രീൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കമായി. രജിസ്ട്രാർ ഡോ.ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നൻ, ടി.ജെ.മാർട്ടിൻ, പരീക്ഷാ കൺട്രോളർ ഡോ.പി. സനോജ്കുമാർ, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. അബ്രഹാം ജോസഫ്, ഗ്രീൻ കമ്മിറ്റി കൺവീനർ ഡോ. സി.സി.ഹരിലാൽ, ഡെപ്യൂട്ടി രജിസ്ട്രാർ പി. ആബിദലി തുടങ്ങിയവർ സംസാരിച്ചു.

(പടം........)

പരിസ്ഥിതിദിനത്തിൽ കാർബൺ ന്യൂട്രൽ കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ തൈനട്ട് നിർവഹിക്കുന്നു