ആഭ്യന്തര മന്ത്രിയാക്കണം; അല്ലെങ്കിൽ സതീശനെ മാറ്റണം:അൻവർ

Friday 06 June 2025 1:34 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പി.വി. അൻവർ മുന്നോട്ടു വച്ച ഉപാധികൾ യു.ഡി.എഫ് മുഖവിലയ്ക്കെടുത്തില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ മത്സര രംഗത്തുണ്ട്.

അടുത്ത തവണ യു.ഡി.എഫിന് ഭരണം കിട്ടിയാൽ തന്നെ മന്ത്രിയാക്കണമെന്നും, ആഭ്യന്തര വകുപ്പും വനം വകുപ്പും നൽകണമെന്നും, അല്ലെങ്കിൽ വി.ഡി. സതീശനെ യു.ഡി.എഫിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാൽ മതിയെന്നുമായിരുന്നു അൻവറിന്റെ ഉപാധി. ഇത് രണ്ടും അംഗീകരിച്ചാൽ യു.ഡി.എഫിന്റെ മുന്നണി പടയാളിയായി താൻ രംഗത്തുണ്ടാകുമെന്നും രാവിലെ അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് നേതൃനിരയിലെ ഒരാളും പ്രതികരിക്കാതെ വന്നതോടെ ഉച്ചയോടെ അൻവർ ഉപാധികൾ വെട്ടിക്കുറച്ചു. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മാറ്റിയാൽ തനിക്ക് ഒന്നും വേണ്ടെന്ന നിലപാടുമായി രംഗത്തെത്തി. ഇപ്പോൾ മാറ്റേണ്ട, ധൃതിയില്ല. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയാൽ മതി. സതീശന്റെ നേതൃത്വത്തിൽ ഇനി യു.ഡി.എഫിന് മുന്നോട്ടു പോകാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു.

വി.ഡി. സതീശനെ 'മുക്കാൽ പിണറായി' എന്ന് വിശേഷിപ്പിച്ച അൻവർ മലപ്പുറം ജില്ല വിഭജിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാൽ പിണറായിയെ ഭരണത്തിൽ കയറ്റാൻ താനില്ല. മലയോര ജനതയ്ക്കായി തിരുവമ്പാടി കൂടി ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു.