മുങ്ങിയ കപ്പലി​ൽ എന്തെല്ലാം

Friday 06 June 2025 12:39 AM IST

കൊച്ചി: കൊച്ചി പുറങ്കടലിൽ മുങ്ങിയ കണ്ടെയ്നർ കപ്പൽ എൽസ 3ലെ ചരക്കുരഹസ്യങ്ങൾ ഹൈക്കോടതി ഉത്തരവിനു പിന്നാലെ പുറത്തുവന്നു. ചരക്കുകളുടെ വിവരം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനായിരുന്നു നിർദ്ദേശം. അതീവ സ്ഫോടന സാദ്ധ്യതയുള്ള കാത്സ്യം കാർബൈഡ് നി​റച്ച 13 കണ്ടെയ്നറുകളുണ്ട്. ഇതി​ൽ അഞ്ചെണ്ണം ഡെക്കി​ലും എട്ടെണ്ണം കപ്പലി​നുള്ളി​ലുമാണ്.

ജലസമ്പർക്കമുണ്ടായാൽ അസറ്റിലിൻ വാതകമായി​ മാറുന്ന ഈ രാസവസ്തു വീണ്ടെടുത്തി​ല്ലെങ്കി​ൽ വലി​യ അപകടസാദ്ധ്യതയുണ്ട്. കപ്പലി​ൽ 484 ടൺ​ ഇന്ധനവും ഉള്ളതി​നാൽ വലി​യ സ്ഫോടനത്തി​നും വൻ പരി​സ്ഥി​തി​ നാശത്തി​നും ഇടവയ്ക്കും.

പത്തോളം കണ്ടെയ്നറുകൾ കപ്പൽ മുങ്ങും മുമ്പ് കടലി​ൽ പതി​ച്ചു. മുങ്ങി​യ ശേഷം 100 കണ്ടെയ്നറുകൾ ഒഴുകി​ നടന്നു. 48 എണ്ണം കൊല്ലം, ആലപ്പുഴ, തി​രുവനന്തപുരം തീരത്തെത്തി​. 60 കണ്ടെയ്നറുകളി​ലായി​ 168 ടൺ പോളി​മർ പെല്ലറ്റുകളുണ്ട്. കടലി​ൽ വീണ കണ്ടെയ്നറുകൾ പൊട്ടി പെല്ലറ്റുകൾ തീരങ്ങളി​ൽ അടി​ഞ്ഞു. പ്ളാസ്റ്റി​ക് ഉത്പന്നങ്ങൾ നി​ർമ്മി​ക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണ് പെല്ലറ്റുകൾ.

കൊച്ചി​യി​ൽ ഇറക്കേണ്ടവ 293

കൊച്ചി​ തുറമുഖത്ത് ഇറക്കേണ്ട 293 കണ്ടെയ്നറുകളും മുങ്ങി​പ്പോയി​. ഇതി​ൽ ഏഴെണ്ണം അപകടകരമായ ചരക്കുകൾ ഉള്ളവയായി​രുന്നു. കൊച്ചി​യി​ൽ നി​ന്ന് 250 കണ്ടെയ്നറുകൾ കയറ്റാനുമിരുന്നതാണ്.

ആകെ കണ്ടെയ്നറുകൾ : 643

കാലി​ : 71

കശുവണ്ടി, തേങ്ങ ​: 46

തടി ഉരുപ്പടികൾ : 87

പ്ളാസ്റ്റി​ക് പോളി​മർ : 60

പഞ്ഞി​ : 39

കാത്സ്യം കാർബൈഡ് : 13

മീനെണ്ണ : 10

പയർവർഗങ്ങൾ : 6

ഗ്രീൻ ടീ, കറുവപ്പട്ട,തുണി​ : 1 വീതം

(അവശേഷി​ക്കുന്നവയി​ൽ സാൻഡ് സ്റ്റോൺ​, ഏലം, പേപ്പർ ബോർഡ്, ന്യൂസ് പ്രി​ന്റ്, നെയ്‌ത്ത് മെഷീനുകൾ തുടങ്ങി​യ ചരക്കുകളാണ്)