കലിതുള്ളി പെയ്ത മഴയിൽ കർഷകന് നഷ്ടം 3 കോടി

Friday 06 June 2025 12:54 AM IST

കോഴിക്കോട്: ആർത്തലച്ചു പെയ്ത വേനൽ മഴയിലും കലിതുള്ളിയ കാലവർഷത്തിലും കർഷകർക്കുണ്ടായത് 3,158.94 കോടിയുടെ നാശം. 1,267.23 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് മഴ കവർന്നത്. 11,394 കർഷകരുടെ കൃഷി ന​ശി​ച്ചു. ഏ​ത്ത​വാ​ഴ, തെ​ങ്ങി​ൻ​തൈ​ക​ൾ, അടയ്ക്ക, നെൽ, കു​രു​മു​ള​ക് എ​ന്നി​വ​യാ​ണ് വേ​ന​ൽ മ​ഴ​യി​ൽ ന​ശി​ച്ച​വയിൽ കൂടുതലും. മേയ് ഒന്ന് മുതൽ ജൂൺ നാല് വരേയുള്ള കൃഷിവകുപ്പിന്റെ കണക്കാണ്. കൂടുതൽ നാശമുണ്ടായത് ഏത്തവാഴയ്ക്കാണ്. ഇതോടെ ഓണ വിപണി മുന്നിൽ കണ്ട് കൃഷിയിറക്കിയ കർഷകർ കടക്കെണിയിലായി. തോടന്നൂർ ബ്ലോക്കിലാണ് കൂടുതൽ നാശമുണ്ടായത്. 241.61 ഹെക്ടറിൽ 1,415.53 ലക്ഷത്തിന്റെ നാശമുണ്ടായി. 1,837 കർഷകർക്ക് നഷ്ടമുണ്ടായി.

കൂടുതലും ഏത്ത വാഴ

വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും 453155 എ​ത്ത ​വാ​ഴ​ക​ളാണ് ഒ​ടി​ഞ്ഞു​വീ​ണത്. ഇതിൽ 296485 കുലച്ച വാഴകളും 156670 കുലക്കാത്ത വാഴകളും നിലം പൊത്തി. ഓണ വിപണിയിൽ പ്രതീക്ഷ അർപ്പിച്ച് മാസങ്ങളായി പരിപാലിച്ച നൂറുകണക്കിന് വാഴകളാണ് മൂക്കുകുത്തിയത്. പലരും ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴ കൃഷി ചെയ്യുന്ന മാവൂർ, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് സ്ഥലത്തെ വാഴകളാണ് നശിച്ചത്. 163.200 ഹെക്ടറിലെ നെല്ലും നശിച്ചു. ഇതിലൂടെ കർഷകർക്ക് ഒരു കോടിയിലധികം നഷ്ടം കണക്കാക്കുന്നു. കൊയ്‌ത്തിന്‌ തയ്യാറായ നെൽച്ചെടികൾ വെള്ളത്തിനടിയിലായത്‌ കർഷകരെ ദുരിതത്തിലാക്കി. 7802 അടക്കകളും 3768 കായ്ക്കാത്ത അടക്കകളും നിലം പൊത്തി. പാകമായ 4949 തെങ്ങുകളും ഒരു വർഷം പ്രായമുള്ള 1722 തെങ്ങുകളും നശിച്ചു.

ബ്ലോക്ക് -വിളനാശം സംഭവിച്ച കർഷകർ- നഷ്ടം(ലക്ഷം)

കാക്കൂർ- 746................................................................69.81

കൊടുവള്ളി....756........................................................145.19

കൊയിലാണ്ടി....1,516...................................................100.34

കോഴിക്കോട്.......461......................................................51.36

കുന്നുമ്മൽ............1,130....................................................118.60

മുക്കം......................1,200...................................................648.30

പേരാമ്പ്ര...............1,486...................................................402.35

തിക്കോടി................1,136..................................................88.23

തോടന്നൂർ.............1,837..................................................1,415.53

തൂണേരി.................378......................................................31.00

ഉള്ള്യേരി..............436.........................................................45.00

വടകര..................312..............................................................43.23

'' ദിവസവും ഹെക്ടർ കണക്കിന് കൃഷിയാണ് പന്നികളും കാട്ടുപോത്തും മഴയുമെല്ലാം നശിപ്പിക്കുന്നത്.

ഞങ്ങളുടെ ഉപജീവന മാർഗം ഇല്ലാതായി. സർക്കാർ കാര്യമായി വിഷയത്തിൽ ഇടപെടണം. നഷ്‍ടപരിഹാരത്തുക ഉയർത്തണം''- വേലായുധൻ ,കർഷകൻ