ആര്യങ്കാവിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്; ഗതാഗതം തടസ്സപ്പെട്ടു

Friday 06 June 2025 12:56 AM IST
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് റെയിൽവേ മേൽപ്പാലത്തിന് സമീപം പാണ്ഡ്യൻ പാറ വളവിൽ ലോറികൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടം .

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവിൽ ചരക്ക് വാഹനങ്ങൾ കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇസക്കി മുത്തുവിനെ (51) പുനലൂർ ഫയർഫോഴ്സും തെന്മല പൊലീസും മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ തൂത്തുക്കുടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ഇന്നലെ പുലർച്ചെ ഒന്നരയോടെ ആര്യങ്കാവ് റെയിൽവേ മേൽപ്പാലത്തിന് സമീപം പാണ്ഡ്യൻ പാറ വളവിലായിരുന്നു അപകടം. തൂത്തുക്കുടിയിൽ നിന്ന് കൊല്ലത്തേക്ക് കശുഅണ്ടിയുമായി വന്ന ടോറസ് ലോറിയും കളക്കാട് നിന്ന് അങ്കമാലിയിൽ കയറ്റുമതിക്കുള്ള വാഴക്കുല കയറ്റി വന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. മുമ്പിലുണ്ടായിരുന്ന മിനിലോറിയുടെ പിന്നിൽ ടോറസ് ഇടിച്ചു കയറി, പാതയുടെ വലതുവശത്തെ ഓടയിലേക്ക് ഇരുവാഹനങ്ങളും മറിയുകയായിരുന്നു. ഇരുവാഹനത്തിലുമുണ്ടായിരുന്ന ലോഡ് ചിതറിത്തെറിച്ചു വീണു. ടോറസിന്റെ ക്യാബിൻ പൂർണമായി തകർന്ന് ഡ്രൈവർ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.