അപകടത്തിൽ വലതു പാദം നഷ്ടപ്പെട്ട യുവാവിന് 1. 20 കോടി നഷ്ടപരിഹാരം
അഞ്ചൽ: സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ, കാർഇടിച്ച് പരിക്കേറ്റതിനെത്തുടർന്ന് വലതു പാദം മുറിച്ചു മാറ്റേണ്ടിവന്ന യുവാവിന് 1.20 കോടി നഷ്ടപരിഹാരം വിധിച്ച് പുനലൂർ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി അബ്ദുൽ ജലീൽ ഉത്തവിട്ടു.
മൊബൈൽ കടകളുടെ ഉമയായ കടയ്ക്കൽ അയിരക്കുഴി വട്ടത്തുവീട്ടിൽ അൻഷാദ് റാവുത്തർ (23) സുഹൃത്ത് ഉണ്ണിക്കൃഷ്ണൻ ഓടിച്ച ബൈക്കിൽ അയിലറ നിന്ന് അഞ്ചലിലേക്ക് വരുമ്പോൾ അഞ്ചലിന് സമീപം വച്ച് എതിർ വശത്തുനിന്നു വന്ന മാരുതി കാർ ഇടിക്കുകയായിരുന്നു. അൻഷാദ് റാവുത്തറുടെ പാദം തകർന്നു. തുടർന്ന് മുറിച്ചു മാറ്റി. നഷ്ടപരിഹാരത്തിനായി പുനലൂർ മോട്ടോർ ആക്സിഡന്റ് കോടതി മുമ്പാകെ അഡ്വ. അഞ്ചൽ എസ്.സൂരജ് മുഖേന ഫയൽ ചെയ്ത കേസിലാണ് വിധിയുണ്ടായത്. 75 ലക്ഷം രൂപ നഷ്ടപരിഹാരം പലിശയും ചേർത്തുള്ള 1.20 കോടി 30 ദിവസത്തിനകം ഇൻഷ്വറൻസ് കമ്പനി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.