'എന്റെ കൗമുദി" കാസർകോട് ജില്ലാതല ഉദ്‌ഘാടനം കേരളത്തിൽ വായനാശീലം വളർത്തിയത് കേരള കൗമുദി: സി.വി.ബാലകൃഷ്ണൻ
കാസർകോട്: മലയാളികളുടെ വായനാശീലം വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച പത്രമാണ് കേരള കൗമുദിയെന്ന് പ്രമുഖ എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രധാനപ്പെട്ട സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സി.വി.കുഞ്ഞുരാമൻ പത്രം സ്ഥാപിച്ചത് വലിയ ലക്ഷ്യത്തോടെയായിരുന്നു. കേരളത്തിൽ നടന്നിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഒപ്പം നിൽക്കുകയും സാമൂഹ്യ പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരുകയും ചെയ്തത് കേരള കൗമുദി എന്ന വലിയ പ്രസ്ഥാനമാണ്. കേരളത്തിന്റെ ചരിത്രം മുഴുവൻ ഈ പത്രം അടയാളപ്പെടുത്തുന്നു. മലയാളത്തിന്റെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുവാനുമുള്ള പത്രത്തിന്റെ ഈ പദ്ധതി മാതൃകാപരമാണെന്നും സി.വി. ബാലകൃഷ്ണൻ പറഞ്ഞു.
തുടർച്ചയായി 27-ാം വർഷവും ചായ്യോത്ത് സ്കൂളിലേക്ക് കേരള കൗമുദി സ്പോൺസർ ചെയ്യുന്ന കാസർകോട് ജില്ലയിലെ പ്രമുഖ കരാറുകാരനും കേരള കൗമുദി റീഡേഴ്സ് ക്ലബ് ജില്ലാ പ്രസിഡന്റുമായ സി.നാരായണനിൽ നിന്ന് സി.വി.ബാലകൃഷ്ണൻ പത്രം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് സി.ബിജു അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിറ്റ് ചീഫ് കെ.വി. ബാബുരാജൻ ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.ടി.സീമ,സ്റ്റാഫ് സെക്രട്ടറി ഇ.വി.ദിനേശൻ,സീനിയർ അസിസ്റ്റന്റ് വി.സുകുമാരൻ, കായികാദ്ധ്യാപകൻ ഇ.വി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. സർക്കുലേഷൻ മാനേജർ എം.പ്രശാന്ത്,സീനിയർ സെയിൽസ് ഓഫീസർ ബി.നാരായണൻ,നീലേശ്വരം റിപ്പോർട്ടർ പി.കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ എം. സുനിൽകുമാർ സ്വാഗതവും സീനിയർ റിപ്പോർട്ടർ ഉദിനൂർ സുകുമാരൻ നന്ദിയും പറഞ്ഞു.