മുത്തശ്ശിയാലിന് ചികിത്സ തുടങ്ങി
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് പുനർജ്ജനിച്ച, അരയാലിന്റെ മൂന്നാംഘട്ട ചികിത്സ ലോക പരിസ്ഥിതിദിനത്തിൽ ആരംഭിച്ചു. ഫംഗസുകളും കീടങ്ങളും നശിപ്പിച്ച മുറിച്ചുമാറ്റേണ്ട ഭാഗങ്ങൾ നീക്കം ചെയ്യും. വേരുകളെ ഉത്തേജിപ്പിക്കുന്ന ചികിത്സ നൽകും. പോഷണം കിട്ടാൻ പഞ്ചഗവ്യവും നൽകും. കൊമ്പുകൾ മുറിച്ചുമാറ്റി വേരുപടലത്തിന് കരുത്ത് നൽകും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വടക്കുന്നാഥൻ അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും 'ദേവാങ്കണം ചാരുഹരിതം' പദ്ധതിയുടെ ഭാഗമായാണ് ചികിത്സ. നൂറ് വർഷത്തോളം പഴക്കം അനുമാനിക്കുന്ന ആലിന്റെ പരിശോധനയ്ക്ക് പി.ബാലചന്ദ്രൻ എം.എൽ.എ,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ,കേരള വനഗവേഷണകേന്ദ്രം സിൽവികൾച്ചർ വിഭാഗം മേധാവി ഡോ.പി.സുജനപാൽ എന്നിവർ നേതൃത്വം നൽകി. തെക്കേ ഗോപുരനടയ്ക്ക് സമീപമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പേരാൽ മുത്തശ്ശിക്കും ആദരം അർപ്പിച്ചു. ദേവസ്വം കമ്മിഷണർ എസ്.ആർ.ഉദയകുമാർ,സെക്രട്ടറി പി.ബിന്ദു,ഡെപ്യൂട്ടി കമ്മിഷണർ കെ.സുനിൽകുമാർ,അസി. കമ്മിഷണർ എം.മനോജ്കുമാർ,ദേവസ്വം മാനേജർ വി.ആർ.രമ,ബ്രാഹ്മണസഭ ജോ. സെക്രട്ടറി ഹരിഹരൻ എന്നിവരും പങ്കെടുത്തു.