ആശാസമരം: ഹർജിയിൽ വിശദീകരണം തേടി
കൊച്ചി: ആശാപ്രവർത്തകരുടെ സമരം ഒത്തുതീർപ്പാക്കാൻ ഉത്തരവിടണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ,ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കം ഫയൽ ചെയ്ത ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആശാപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ അറിയിച്ചു. ഇവർക്ക് രാജ്യത്ത് ഉയർന്ന പ്രതിഫലം നൽകുന്നത് സംസ്ഥാനത്താണെന്നും വിശദീകരിച്ചു. എന്നാൽ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പദ്ധതിക്കായി തുക അനുവദിച്ചെന്ന് കേന്ദ്രവും കിട്ടിയില്ലെന്നാണ് സംസ്ഥാനം പറയുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. തുടർന്നാണ് വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചത്. വിഷയം 19ന് വീണ്ടും പരിഗണിക്കും.