വനം ഉദ്യോഗസ്ഥർ പ്രതികളായ കസ്റ്റഡി മരണ കേസിൽ തുടരന്വേഷണം # സി.ബി.ഐ റിപ്പോർട്ട് കോടതി തള്ളി
തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാർ സ്വദേശി പി. പി. മത്തായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണം വേണമെന്ന് കോടതി ഉത്തരവ്. സി. ബി. ഐ സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്നും തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രത്യേക സി. ബി. ഐ കോടതി ജഡ്ജി കെ. എസ്. ശ്രീകുമാറാണ് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ കോടതി സി. ബി. ഐ ക്ക് നിർദ്ദേശം നൽകി. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ, അനിൽ കുമാർ, സന്തോഷ്, ലക്ഷ്മി എന്നിവരാണ് പ്രതികൾ.
ഷീബയുടെ ഹർജിയിലെ ആവശ്യങ്ങൾ ഇവയാണ്- പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം വേണം. സി. ബി. ഐ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അത് മാറ്റി കൊലപാതക കുറ്റം ചുമത്തണം. മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്ന കരാർ ജീവനക്കാരനായ ഡ്രൈവർ, ക്യാമറ തകർന്നതായി വനം വകുപ്പിന് വിവരം നൽകിയ വ്യക്തി എന്നിവരെയും പ്രതിയാക്കണം.
വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിക്കപെട്ട സംഭവത്തിൽ 2020 ജൂലായ് 28 നാണ് മത്തായിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.അന്ന് വൈകിട്ട് മത്തായിയുടെ മൃതദേഹം വീടിനു സമീപത്തെ കിണറ്റിൽ കണ്ടെത്തിയിരുന്നു.ജൂലായ് 31 ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തു ബന്ധുക്കൾക്ക് വിട്ടുകൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കേണ്ടെന്ന് ബന്ധുക്കൾ നിലപാടെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു സി.ബി.ഐ അന്വേഷണം തുടങ്ങിയത്.