ഷൈൻ ടോം ചാക്കോയുടെ പിതാവ്  വാഹനാപകടത്തിൽ മരിച്ചു; നടനും പരിക്ക്

Friday 06 June 2025 8:47 AM IST

ബംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്‌ക്കും സഹോദരനും ഡ്രൈവർക്കും പരിക്കേറ്റു. ഷൈനിന്റെ കൈയ്‌ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.

ഇന്ന്‌ പുലർച്ചെ തമിഴ്‌നാട്ടിലെ ധർമപുരി കൊമ്പനഹള്ളിയിൽവച്ചാണ്‌ അപകടമുണ്ടായത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന്‌ ഇന്നലെ രാത്രിയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.

ഷൈനിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് കുടുംബം ബംഗളൂരുവിലേക്ക് പോയതെന്നാണ് വിവരം. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. മുൻ സീറ്റിൽ ഡ്രൈവറും ഷൈനിന്റെ സഹോദരനുമായിരുന്നു ഇരുന്നിരുന്നത്. മദ്ധ്യത്തിലുള്ള സീറ്റിൽ അച്ഛനും അമ്മയും, പിൻസീറ്റിൽ ഷൈനുമായിരുന്നു ഉണ്ടായിരുന്നത്.

ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ചാക്കോ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.