'പരാതി നൽകി രണ്ടുമാസം കഴിഞ്ഞും പൊലീസ് നടപടിയില്ല, പിന്നിൽ ഫെഫ്‌കയുടെ സ്വാധീനം'; സാന്ദ്രാ തോമസ്
കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കിയ സംഭവത്തിൽ പരാതി നൽകി രണ്ട് മാസമായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. ഫെഫ്‌കയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു.
സിനിമാ നിർമാണത്തിന് പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമർശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന റെനി ജോസഫിന്റെ ശബ്‌ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. മാർച്ച് മാസം നൽകിയ പരാതിയിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സാന്ദ്ര പറയുന്നത്.
പരാമർശത്തിന് പിന്നാലെ പലരും വിളിച്ചെന്നും റെനി ജോസഫ് അധിക്ഷേപകരമായാണ് സംസാരിച്ചതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. നിർമാതാക്കളുടെ സംഘടനയ്‌ക്കകത്ത് ചർച്ച ചെയ്യപ്പെടുന്ന കാര്യമാണിത്. എന്റെ അനുഭവവും അഭിപ്രായവുമാണ് ഞാൻ പറഞ്ഞത്. രാത്രിയാണ് റെനി ജോസഫ് വിളിച്ചത്. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചിട്ടും വീണ്ടും വീണ്ടും വിളിച്ചു. പിന്നീട് നമ്പർ ബ്ലോക്ക് ചെയ്‌ത ശേഷം പരാതിപ്പെടുകയായിരുന്നു.
അന്ന് രാത്രി ഒരു പൊലീസിനെ സംരക്ഷണത്തിനായി വിട്ടുനൽകി. പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി എഫ്‌ഐആർ ഇട്ടെങ്കിലും പിന്നീട് പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നാലെ ഫെഫ്കയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ സാന്ദ്രയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ റെനി തന്നെ പങ്കുവയ്‌ക്കുകയായിരുന്നു.
രണ്ടുമാസം മുമ്പ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ സാന്ദ്രാ തോമസ് രംഗത്തെത്തിയത്. സാന്ദ്രയുടെ പരാമർശത്തിനെതിരെ ഫെഫ്‌ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ കോടതിയെ സമീപിച്ചിരുന്നു.