"എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്, പക്ഷേ"; തിര‌ഞ്ഞെടുപ്പ് ഫണ്ട് അഭ്യർത്ഥിച്ച് പി വി അൻവർ

Friday 06 June 2025 1:07 PM IST

മലപ്പുറം: നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഫണ്ട് അഭ്യർത്ഥനയുമായി പി വി അൻവർ. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഇപ്പോൾ അതൊന്നും വിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും സഹായിക്കണമെന്നുമാണ് അൻവർ പറയുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും അദ്ദേഹം ഫേസ്ബു‌ക്കിൽ പങ്കുവച്ചിട്ടുണ്ട്.


'എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി ഞാൻ മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പിനുള്ള ഒരു മുൻകരുതലും എന്റെ കൈയിലില്ല. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു ക്രൗഡ് ഫണ്ടിംഗിന് എന്നെ സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകൾ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കിൽ ധാർമിക പിന്തുണ അർപ്പിക്കാൻ നിലമ്പൂരിലെ വോട്ടർമാർ ഒരു പത്ത് രൂപ അല്ലെങ്കിൽ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം. അത് പണത്തിന് വേണ്ടിയല്ല, എന്റെ സമാധാനത്തിന് വേണ്ടിയാണ്.'- പി വി അൻവർ പറഞ്ഞു. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇലക്ഷൻ ഫണ്ട് അഭ്യർത്ഥന

Name: Anvar PV

Account Number: 8052119031

IFSC: IDBI000N043

Indian Bank, Nilambur Branch

പ്രിയരെ,

വരാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതിരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോദ്ധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.

ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്.

പ്രിയപ്പെട്ടവരെ..

പിന്തുണയ്ക്കുക പ്രാർത്ഥിക്കുക സഹകരിക്കുക

സഹായിക്കുക

പ്രിയപ്പെട്ട പി.വി അൻവർ.