ഇടിഞ്ഞുകൊണ്ടിരുന്ന കിണറ്റിൽ മൂർഖനെ പിടിക്കാനിറങ്ങി വാവാ സുരേഷ്; ഓക്‌സിജൻ പോലുമില്ല, ചുറ്റും കൂടിയവരെല്ലാം ഭയന്നു

Friday 06 June 2025 4:11 PM IST

കൊല്ലം ജില്ലയിലെ കല്ലുവാതിൽക്കലുള്ള ചെന്തിപ്പിൽ എന്ന സ്ഥലത്തേക്കാണ് വാവാ സുരേഷിന്റെയും സ്‌നേക്ക് മാസ്റ്റർ ടീമിന്റെയും ഇന്നത്തെ യാത്ര. വലിയ കുന്നുകളുള്ള പ്രദേശമാണിത്. വളരെ പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന നിരവധി വീടുകൾ അവിടെയുണ്ട്. ഇവിടെയുള്ള ഒരു കിണറിൽ കുറച്ച് ദിവസങ്ങളായി ഒരു പാമ്പിനെ കാണുന്നു എന്നാണ് വിളിച്ചവർ പറഞ്ഞത്.

ഒരു ദിവസം സ്ഥലത്തുള്ള യുവാക്കൾ ചേർന്ന് പാമ്പിനെ കയറിൽ കയറ്റി കിണറിന്റെ മുക്കാൽ ഭാഗം വരെ ഉയർത്തി. ചേര എന്ന് കരുതിയാണ് ഉയർത്തിയത് എന്നാലത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പായിരുന്നു. ഉടൻതന്നെ ഇവർ കയർ കിണറ്റിലേക്കിട്ടു. ഇന്ന് രാവിലെയും ഇതേ പാമ്പിനെ കണ്ടു. ഉടൻതന്നെ ഇവർ വാവാ സുരേഷിനെ വിളിച്ചു. സ്ഥലത്തെത്തിയ വാവ കിണറ്റിൽ ഇറങ്ങി. നിറയെ മാളങ്ങൾ ഉണ്ടായിരുന്നു.

മാളത്തിന് മുകളിൽ വരെ വെള്ളം നിറഞ്ഞാൽ മാത്രമേ ഈ പാമ്പിനെ പിടികൂടാൻ സാധിക്കു. അതിനാൽ, നാട്ടിലെ ചെറുപ്പക്കാർ പണം പിരിച്ച് 3000 ലിറ്റർ വെള്ളം എത്തിച്ചു. ഇത് കിണറ്റിലേക്ക് ഒഴിച്ചശേഷമാണ് മൂർഖൻ പാമ്പ് പുറത്തേക്ക് വന്നത്. ഉടൻതന്നെ വാവാ സുരേഷ് കിണറ്റിലേക്ക് ഇറങ്ങി പാമ്പിനെ പിടികൂടി. കാണാം അപൂർവ കാഴ്ച്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.