15,000ലധികം വൃക്ഷങ്ങൾ വളർച്ച അറിയാൻ ആപ്പ് സാങ്കേതിക യൂണി. സംരംഭം

Saturday 07 June 2025 12:10 AM IST

കൊച്ചി: കോളേജ് വളപ്പുകളിൽ എൻ.എസ്.എസ് വളന്റിയർമാർ നാലുകൊല്ലത്തിനിടെ തങ്ങളുടെ ജന്മദിനത്തിൽ നട്ടത് 15,000ലധികം വൃക്ഷത്തൈകൾ. ഓരോ ഘട്ടത്തിലും അവയുടെ വളർച്ച രേഖപ്പെടുത്താൻ മൊബൈൽ അപ്ലിക്കേഷനും. എ.പി.ജെ അബ്ദുൽകലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള 124 കോളേജുകളിലാണ് ഈ നൂതന വൃക്ഷവിപ്ളവം. സർവകലാശാലയിലെ എൻ.എസ്.എസ് ആവിഷ്കരിച്ച പ്രകൃതി വിഭവ സംരക്ഷണ സേനയുടെ (എൻ.ആർ.പി.എഫ്) 'തണൽ' പദ്ധതി പ്രകാരമാണിത്. 2021 ജനുവരി ഒന്നിനായിരുന്നു തുടക്കം.

ഒരു വോളന്റിയർ വൃക്ഷത്തൈ നട്ടാൽ അതിന്റെ ഫോട്ടോ, തീയതി, വിദ്യാർത്ഥിയുടെ പേര്, കോളേജ്, ലൊക്കേഷൻ എന്നിവയടക്കം 'ട്രീ ടാഗ്' എന്ന മൊബൈൽ ആപ്പിൽ അപ്‌‌ലോഡ് ചെയ്യും. എൻ.ആർ.പി.എഫിന്റെ ഇൻസ്റ്റഗ്രാം പേജിലും പ്രസിദ്ധീകരിക്കും. വിദ്യാർത്ഥിക്ക് സർട്ടിഫിക്കറ്റും നൽകും. ഇതിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ടാഗ് ചെയ്ത വൃക്ഷത്തിന്റെ വളർച്ചാ വിവരമടക്കം അറിയാനാകും. ഓരോ 6 മാസം കൂടുമ്പോഴാണ് തൈയുടെ വളർച്ച ആപ്പിൽ അപ്ഡേറ്റ് ചെയ്യുക.

കോ ഓർഡിനേറ്റർ പ്രൊഫ. ദർശന എസ്.ബാബുവാണ് പദ്ധതിക്ക് ചുക്കാൻപിടിക്കുന്നത്.

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനി​യറിഗ് കോളേജിലെ പൂർവവിദ്യാർത്ഥി അഭിജിത് കുമാറും സുഹൃത്തുക്കളായ ആശുതോഷ് ബി.സായി, മുഹമ്മദ്‌ വസിർ എന്നിവർ ചേർന്ന് ആരംഭിച്ച സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ട്രീടാഗ് ആപ്പ് വികസിപ്പിച്ചത്.

അതിഥികളുടെ പേരിലും

ടാഗ് ചെയ്ത വൃക്ഷത്തൈ

സർവകലാശാലയിലെ ചടങ്ങുകളിൽ അതിഥികളെ ക്ഷണിക്കുമ്പോൾ അവരുടെ പേരിലും വൃക്ഷത്തൈകൾ നട്ട് ടാഗ് ചെയ്യും. അതിഥികൾക്ക് മെമന്റോ നൽകുന്നതിനു പകരം ഇതിന്റെ സർട്ടിഫിക്കറ്റ് നൽകി​യാണ് ആദരി​ക്കുന്നത്. കഴിഞ്ഞവർഷം സർവകലാശാലയുടെ ലോക പരിസ്ഥിതിദിന പ്രവർത്തനങ്ങൾക്ക് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.

''ഈ വർഷം സർവകലാശാലയുടെ 124 കോളേജുകളിൽ 10000 വൃക്ഷത്തൈകൾ നട്ട് ടാഗ് ചെയ്യലാണ് ലക്ഷ്യം

-ഡോ.എം.അരുൺ, പ്രോഗ്രാം കോ-ഓർഡിനേറ്റർ

നാഷണൽ സർവീസ് സ്കീം സെൽ

സാങ്കേതിക സർവകലാശാല