സമുദ്രദിനത്തിൽ ആശങ്ക കടലോളം....
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും പ്ലാസ്റ്റിക്മാലിന്യവും സമുദ്രജൈവ വൈവിദ്ധ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്നതായി ശാസ്ത്രജ്ഞർ. ജൂൺ 8 ലോകസമുദ്ര ദിനത്തിന് മുന്നോടിയായി മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിൽ (എം.എസ്.സി) ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിലെ 58 ശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ ആഗോള സർവേയിലാണ് വെളിപ്പെടുത്തൽ. സസ്റ്റയിനബിൾ സീഫുഡ് നെറ്റ്‌വർക്ക് ഒഫ് ഇന്ത്യ ചെയർമാൻ ഡോ.സുനിൽ മുഹമ്മദ്, കുഫോസ് വകുപ്പ് മേധാവി ഡോ. എം.കെ.സജീവൻ, കുസാറ്റ് അസോസിയേറ്റ് പ്രൊഫ. ഡോ.എസ്. ബാബു എന്നിവർ ഇന്ത്യയിൽ നിന്ന് പങ്കെടുത്തു.
ചൂട് കൂടിയാൽ ചുഴലിക്കാറ്റ് കൂടും
കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കടലിൽ ചൂട് കൂടൽ, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയവ പ്രത്യാഘാതങ്ങളാണ്. മാലിന്യം, ആവാസകേന്ദ്രങ്ങളിലെ മാറ്റങ്ങൾ എന്നിവയും പ്രധാന ഭീഷണികളാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് കൂടിവരികയാണ്. ഇതാണ് ചുഴലിക്കാറ്റുകൾ പോലുള്ളവ വർദ്ധിക്കാനിടയാക്കുന്നത്. കടലിൽ ചൂട് കൂടുന്നത് മീനുകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്നു. വാണിജ്യ പ്രാധാന്യമുള്ള പല മീനുകളും കുറയാനും കാരണമാകുന്നുണ്ടെന്ന് ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു.
പ്ലാസ്റ്റ്ക് മാലിന്യം പ്രതിസന്ധി
ഇന്ത്യയുടെ സമുദ്രമത്സ്യ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്ലാസ്റ്റിക് മാലിന്യമാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. കരയിൽ നിന്ന് ധാരാളമായി പ്ലാസ്റ്റിക്കുകൾ കടലിലെത്തുന്നത് വർദ്ധിക്കുന്നു. തീരക്കടലുകളിൽ നിന്നുള്ള മത്സ്യബന്ധന വലകളിൽ 5 ശതമാനം വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നതായും സർവേ ഫലം പറയുന്നു.