'കപ്പലപകടം: നടപടി ദുരൂഹം'

Friday 06 June 2025 6:05 PM IST

കൊച്ചി: എൽസ മൂന്ന് മുങ്ങിയതുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തിരുത്തണമെന്നും കേസെടുക്കണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി സഞ്ചരിച്ചതിന് ക്യാപ്‌ടനെ അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്യാത്തത് ദുരൂഹമാണ്. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിക്ക് വെളിയിലായതിനാൽ കേസെടുക്കാൻ നിർവാഹമില്ലെന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ നടത്തിയത്. 200 നോട്ടിക്കൽ മൈലിനുള്ളിൽ കേസെടുക്കാൻ കോസ്റ്റൽ പൊലീസിന് കഴിയും. തീരങ്ങളിൽ അടിയുന്ന പ്ളാസ്റ്റിക് തരികൾ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റണം. സർക്കാർ നിശ്ചയിച്ച സഹായതുക അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.