പ്രവാസികള്‍ക്ക് സമ്മാനവുമായി വിമാനക്കമ്പനി; 247 ദിര്‍ഹത്തിന് നാട്ടിലേക്ക് വിമാനടിക്കറ്റ്

Friday 06 June 2025 7:21 PM IST

ദുബായ്: നാട്ടിലേക്കുള്ള യാത്ര ഓരോ പ്രവാസിയുടേയും സന്തോഷമാണെങ്കിലും വിമാന ടിക്കറ്റ് നിരക്കിന്റെ പേരിലുള്ള കൊള്ളയാണ് പലപ്പോഴും ആശങ്ക ഉയര്‍ത്തുന്നത്. അവധിക്കാലം പോലുള്ള സാഹചര്യങ്ങളിലാണെങ്കില്‍ കഴുത്തറുപ്പാണ് വിമാന ടിക്കറ്റ് നിരക്കിന്റെ പേരില്‍ അരങ്ങേറുന്നത്. രാഷ്ട്രീയ നേതൃത്വവും കേന്ദ്ര സര്‍ക്കാരുമൊക്കെ ഇടപെടല്‍ നടത്തുമെന്നും ടിക്കറ്റ് നിരക്ക് അനാവശ്യമായി കൂട്ടുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് ഇപ്പോഴും അമിതഭാരം തന്നെയാണ്.

വിമാന ടിക്കറ്റില്‍ വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്. 247 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക.എക്സ്പ്രസ് ലൈറ്റ് ടിക്കറ്റിന് 247 ദിര്‍ഹമാണ് നിരക്ക്. എക്സ്പ്രസ് വാല്യു ടിക്കറ്റിന് 262 ദിര്‍ഹവും, എക്സ്പ്രസ് ഫ്ളക്സ് ടിക്കറ്റിന് 301 ദിര്‍ഹവും നല്‍കിയാല്‍ ടിക്കറ്റുകള്‍ ലഭിക്കും.

ജൂണ്‍ ആറിന് രാത്രി 12 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ജൂണ്‍ 12 മുതല്‍ സെപ്റ്റംബര്‍ 24 വരെ നടത്തുന്ന ആഭ്യന്തര യാത്രകള്‍ക്ക് നിരക്കിളവ് ലഭിക്കും. രാജ്യാന്തര യാത്രകള്‍ക്ക് നിലവില്‍ ആനുകൂല്യം ആരംഭിച്ചു. ഒക്ടോബര്‍ 25 വരെയാണ് നിരക്കിളവ് ലഭിക്കുക.എയര്‍ലൈന്‍ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിംഗ് വെബ്സൈറ്റുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.