വിളവെടുപ്പിന് പാകമായ പാവൽ കൃഷിക്ക് മഞ്ഞളിപ്പ് രോഗം

Saturday 07 June 2025 1:27 AM IST
കയറാടി പനങ്കുറയിലെ പാവൽ കൃഷിയിടത്തിൽ മഞ്ഞളിപ്പ് രോഗം പടർന്നതിനെ തുടർന്ന് മരുന്നു തളി നടത്തുന്ന കർഷകൻ.

നെന്മാറ: വിളവെടുപ്പിന് പാകമായ പാവൽ കൃഷിയിടത്തിൽ മഞ്ഞളിപ്പ് രോഗം വ്യാപകം. അയിലൂർ കൃഷിഭവൻ പരിധിയിലെ പനംങ്കുറയിലെ കൃഷിയിടത്തിലാണ് ഇപ്പോൾ രോഗബാധ പ്രത്യക്ഷപ്പെട്ടത്. നട്ട് 45 ദിവസത്തിന് ശേഷം ഒന്നാം വിളവെടുപ്പ് പാവൽ പറച്ചതിനു ശേഷമാണ് പന്തലിലെ പാവൽ വള്ളികളിൽ മഞ്ഞളിപ്പ് രോഗം പ്രത്യക്ഷപ്പെട്ടത്. ഒരേക്കറോളം വിസ്തൃതിയുള്ള പാവൽ കൃഷിയിടത്തിൽ വിളവെടുപ്പ് ആരംഭിച്ച ഉടനെ ഉണ്ടായ രോഗബാധ കർഷകന് വൻ നഷ്ടമുണ്ടാക്കി. പാതിനായിരങ്ങൾ ചെലവഴിച്ച് പന്തലൊരുക്കലും, വളമിടലും കഴിഞ്ഞ ശേഷമാണ് കൃഷിയിടത്തിൽ ഒന്നാകെ ഇലകളും തണ്ടുകളും മഞ്ഞളിക്കുന്ന രോഗം പടർന്നു പിടിച്ചത്. പ്രത്യേക വൈറസ് ബാധയാണെന്ന് സംശയിക്കുന്നതായി കർഷകനായ കാട്ടൂർ മാക്കിൽ കെ.എസ്.ശശി പറഞ്ഞു. ഓണത്തിന് മുമ്പായി വിളവെടുപ്പ് ആരംഭിച്ച തോട്ടത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ രോഗബാധ വൻ നഷ്ടത്തിനിടയാക്കി. മഞ്ഞളിപ്പ് രോഗം ഒരു തോട്ടത്തിൽ പ്രത്യക്ഷപ്പെട്ടതോടെ സമീപത്തെ മറ്റ് പച്ചക്കറി കർഷകരം ആശങ്കയിലാണ്. കീടനാശിനി പ്രയോഗങ്ങൾ മാറിമാറി ചെയ്തിട്ടും ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പറഞ്ഞു. അത്യുൽപാദനശേഷിയുള്ള ഒരു കിലോ വിത്തിന് 12000 രൂപയിലേറെ ചെലവഴിച്ചാണ് കൃഷി ഇറക്കിയത്. ഒന്നാം ഘട്ടം കായ പറിക്കൽ കഴിഞ്ഞ് രണ്ടാംഘട്ടത്തിന് കായ പറിക്കലിന് പാകമാകാറായി വലിപ്പം കൂടിയ കായകൾ വന്നു തുടങ്ങിയ സമയത്താണ് മഞ്ഞളിപ്പ് രോഗം ഭീഷണിയായി ഉയർന്നത്. കൃഷിഭവൻ, കെ. എച്ച്.ഡി.പി എന്നിവിടങ്ങളിലെ കാർഷിക വിദഗ്ധരുമായി രോഗ വിവരം പങ്കുവെച്ച് പ്രതിവിധി കാത്തിരിക്കുകയാണെന്ന് ശശി പറഞ്ഞു.