ആശങ്കയുയർത്തി പകർച്ചവ്യാധികൾ ഒപ്പം കൊവിഡും

Saturday 07 June 2025 12:20 AM IST
കൊവിഡ്

കോഴിക്കോട്: കനത്തുപെയ്ത മഴയ്ക്കൊപ്പം ജില്ലയിൽ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ (മേയ് 22 മുതൽ ജൂൺ 4 വരെ) പനി ബാധിച്ച് 7764 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ഡിസ്പെൻസറികളിലും എത്തുന്നവരുടെ എണ്ണം ഇതിലും ഇരട്ടിയാണ്. രാത്രി വെെകിയും ആശുപത്രികൾ നിറയുന്ന കാഴ്ചയാണ്. മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവുമായാണ് പലരുമെത്തുന്നത്. ചിലർക്ക് ചുമയും ശ്വാസംമുട്ടലോടും കൂടിയ പനിയും പിടിപെടുന്നുണ്ട്. വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനി കേസുകളും കൂടുന്നുണ്ട്. ചെള്ളു പനിയും ഒഴിഞ്ഞുപോയെന്ന് കരുതി ആശ്വസിച്ച കൊവിഡും റിപ്പോർട്ട് ചെയ്തിരിക്കുന്നു. കിഴക്കോത്ത്, കാരശ്ശേരി പഞ്ചായത്തുകളിൽ ഷിഗെല്ലയും കോടഞ്ചേരി പഞ്ചായത്തിൽ മലേറിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകൾ പെരുകുന്നതുമാണ് പനിയും ഡെങ്കിപ്പനിയും വർദ്ധിക്കാൻ കാരണം. തദ്ദേശ സ്ഥാപനങ്ങളുടെ മഴക്കാല പൂർവശുചീകരണം പലയിടത്തും നടത്തിയിട്ടില്ല. വൈകി തുടങ്ങിയിടങ്ങളിൽ പൂർത്തിയായിട്ടുമില്ല. പനിയും മറ്റ് രോഗ രോഗലക്ഷണമുള്ളവർ ഉടനെ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ചികിത്സ തേടിയവർ

പനി - 7764

ഡെങ്കിപ്പനി - 81

എലിപ്പനി - 8

മഞ്ഞപ്പിത്തം - 49

കൊവിഡ് വ്യാപനം ആശങ്ക ; 38 കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിന് സമാനമായി ജില്ലയിലും ആശങ്കയുയരുന്നു. ഇതുവരെ 38 ആക്ടീവ് കേസുകളാണ് ജില്ലയിലുള്ളത്. അഞ്ചിന് മാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. അതേ സമയം ആർക്കും ഗുരുതര പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി, കൊവിഡ് ചികിത്സക്കായി ബീച്ച് ജനറൽ ആശുപത്രിയിലും മെഡി.കോളേജ് ആശുപത്രിയിലും ചികിത്സ ഒരുക്കിയിട്ടുണ്ട്. കേസുകളുടെ എണ്ണം ഇനിയും വർധിച്ചാൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ചികിത്സ ഒരുക്കും. എന്നാൽ, ജില്ലയിൽ കൊവിഡ് അതിവ്യാപനമായിട്ടില്ല. സംസ്ഥാന സർക്കാർ കൊവിഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ സർക്കാർ ആശുപത്രി കളിലും പരിശോധന കർശനമാക്കും. ലക്ഷണമുള്ളവർക്ക് ആദ്യ ഘട്ടത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തും. നെഗറ്റീവ് ആണങ്കിൽ ആർ.ടി.പി.സി.ആർ നടത്തും.

വേണം മുൻകരുതൽ

1. ആശുപത്രികളിലും പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുക

2. വ്യക്തി ശുചിത്വം പാലിക്കുക

3. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ സേവനം തേടുക

4.രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക