യുവേഫ നേഷൻസ് ലീഗ് : സ്പെയ്ൻ ഫൈനലിൽ

Friday 06 June 2025 10:38 PM IST

ഇഞ്ചോടിഞ്ച് സെമി പോരാട്ടത്തിൽ ഫ്രാൻസിനെ 5-4ന് തോൽപ്പിച്ചു

പോർച്ചുഗൽ - സ്പെയ്ൻ ഫൈനൽ നാളെ രാത്രി മ്യൂണിക്കിൽ

സ്റ്റുട്ട്ഗർട്ട് : ഒന്നിന്പിറകെ ഒന്നായി ഒമ്പത് ഗോളുകൾ പിറന്ന യുവേഫ നേഷൻസ് ലീഗ് സെമിയിൽ ഫ്രാൻസിനെ 5-4ന് കീഴടക്കി സ്‌പെയ്ൻ ഫൈനലിലെത്തി.യൂറോ കപ്പ് ജേതാക്കളായ സ്പെയ്നിനെതിരെ 59-ാം മിനിട്ടുവരെ നാലുഗോളുകൾക്ക് പിന്നിട്ടുനിന്ന ഫ്രാൻസ് അപ്രതീക്ഷിതമായാണ് നടത്തിയത്. ഇരട്ട ഗോളുകൾ നേടിയ 17-കാരനായ മിഡ്ഫീൽഡർ ലാമിൻ യമാലാണ് സ്പാനിഷ് വിജയത്തിന് ചുക്കാൻ പിടിച്ചത്. നിക്കോ വില്യംസ്, മിക്കേൽ മെറിനോ, പെഡ്രി എന്നിവരാണ് സ്‌പെയ്‌നിന്റെ മറ്റ്സ്‌കോറർമാർ. ഫ്രാൻസിനായി കിലിയൻ എംബാപ്പെ, റയാൻ ചെർക്കി, കോളോ മുവാനി എന്നിവർ സ്‌കോർ ചെയ്തു. ഡാനി വിവിയന്റെ സെൽഫ് ഗോളും ഫ്രാൻസിന്റെ അക്കൗണ്ടിലെത്തി.

ഇത് മൂന്നാം തവണയാണ് സ്പെയ്ൻ നേഷൻസ് ലീഗ് ഫൈനലിലെത്തുന്നത്. ഞായറാഴ്ച രാത്രി പോർച്ചുഗലുമായാണ് സ്പെയ്നിന്റെ ഫൈനൽ പോരാട്ടം.ജർമ്മനിയേയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും സെമിയിൽ കീഴടക്കിയത്.

തുരുതുരാ പിറന്ന ഗോളുകൾ

22-ാം മിനിട്ടിൽ നിക്കോ വില്യംസിലൂടെയാണ് സ്‌പെയ്ന്‍ൻ മുന്നിലെത്തിയത്.

25-ാം മിനിട്ടിൽ മിക്കേൽ മെറിനോ രണ്ടാം ഗോൾനേടി.

54-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് യമാൽ സ്കോർ 3-0 ആക്കി.

55-ാം മിനിട്ടിൽ പെഡ്രി സ്പെയ്നിന്റെ നാലാം ഗോൾ നേടി.

59-ാം മിനിട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്‌ എംബാപ്പെ ഫ്രാൻസിനായി ആദ്യ ഗോൾ നേടി.

67-ാം മിനിട്ടിൽ യമാൽ വീണ്ടും സ്കോർ ചെയ്ത് സ്പെയ്‌നിനെ 5-1ന് മുന്നിലെത്തിച്ചു.

79-ാം മിനിട്ടിൽ ചെർക്കി കിടിലൻ ഷോട്ടിലൂടെ ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടി.

84-ാം മിനിട്ടിൽ ഡാനി വിവയന്റെ സെൽഫ് ഗോൾ ഫ്രാൻസിന് തുണയായി.

90+3-ാം മിനിട്ടിൽ കോളോ മുവാനിയിലൂടെ ഫ്രാൻസ് നാലാം ഗോളും നേടി.

ലമാൽ മൂല്യമേറിയ താരം

ലണ്ടൻ: ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതായി ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡർ ലാമിന്‍ യമാൽ. ഏകദേശം 3958 കോടി രൂപയാണ് താരത്തിന്റെ വിപണിമൂല്യം. സി.ഐ.ഇ.എസ് ഫുട്ബാൾ ഒബ്സർവേറ്ററിയാണ് പട്ടിക പുറത്തുവിട്ടത്.കഴിഞ്ഞവർഷം ഒന്നാമതുണ്ടായിരുന്ന കിലിയൻ എംബാപ്പയെ യമാൽ നാലാമതാക്കി.

മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ഏർലിംഗ് ഹാലാൻഡാണ് (2352 കോടിരൂപ ) രണ്ടാമത്. റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് മധ്യനിരതാരം ജൂഡ് ബെല്ലിംഗ്ഹാമാണ് ( 2293 കോടിരൂപ) മൂന്നാംസ്ഥാനത്ത്. എംബാപ്പെയ്ക്ക് 1889 കോടി രൂപയുടെ മൂല്യമാണുള്ളത്. ജർമനിയുടെ ജമാൽ മുസ്യാല 1515 കോടി രൂപയുടെ മൂല്യവുമായി അഞ്ചാംസ്ഥാനത്തുണ്ട്.