ഓൺലൈൻ സ്ഥലംമാറ്റ നിർദ്ദേശം നടപ്പാക്കാതെ പട്ടികജാതി വകുപ്പ്

Saturday 07 June 2025 12:00 AM IST

കൊച്ചി: എട്ടു വർഷം മുമ്പ് സർക്കാരും ഒരു വർഷം മുമ്പ് കോടതിയും നിർദ്ദേശിച്ച ഓൺലൈൻ വഴിയുള്ള പൊതു സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാതെ പട്ടികജാതി വികസന വകുപ്പ്. പൊതുമാനദണ്ഡം ലംഘിച്ച് ഇഷ്‌ടക്കാർക്കും സ്വന്തക്കാർക്കും സ്ഥലംമാറ്റം നൽകാനുള്ള ഉന്നതതല നീക്കമാണ് ഇതിന് പിന്നിൽ.

പൊതു സ്ഥലംമാറ്റം ഓൺലൈൻ സമ്പ്രദായത്തിൽ മാത്രമാക്കണമെന്ന് 2017 ഫെബ്രുവരി 25ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് കർശനമായി നടപ്പാക്കണമെന്ന് 2021 ഒക്ടോബർ 21ന് വീണ്ടും ഉത്തരവിട്ടു. മറ്റു വകുപ്പുകൾ നടപ്പാക്കിയെങ്കിലും പട്ടികജാതി വികസന വകുപ്പിൽ നടപടിയുണ്ടായില്ല.ഓൺലൈൻ സ്ഥലംമാറ്റം കർശനമായി നടപ്പാക്കാൻ 2024 ജൂൺ ആറിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഉത്തരവിട്ടിരുന്നു.ഉന്നതതല ഇടപെടലിനെ തുടർന്ന് എസ്‌റ്റാബ്ളിഷ്‌മെന്റ് വിഭാഗം പുലർത്തുന്ന ഉദാസീനതയാണ് ഉത്തരവ് നടപ്പാക്കൽ വൈകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു.

അനധികൃത

നീക്കം വെട്ടി

ഭരണാനുകൂല ഗസറ്റഡ് ഓഫീസർമാരുടെ സംഘടനയുടെ നേതാക്കൾക്ക് സ്ഥലംമാറ്റം നൽകാനുള്ള നീക്കം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വഴി ജീവനക്കാർ വെട്ടിയതാണ് ഒടുവിലെ സംഭവം. മൂന്ന് ജില്ലാ ഡെവലപ്‌മെന്റ് ഓഫീസർമാർക്ക് വേണ്ടിയായിരുന്നു നീക്കം. മൂന്നു മാസം മുമ്പ് മാത്രം നിയമനം ലഭിച്ചയാളും ഇതിലുൾപ്പെടുന്നു.

ട്രൈബൂണൽ ഉത്തരവ് നിലനിൽക്കുന്നതിനാൽ അപേക്ഷ സർക്കാരിലേക്ക് അയയ്‌ക്കാൻ സാധിക്കില്ലെന്ന് ഫയലിൽ ഡയറക്ടർ രേഖപ്പെടുത്തിയെങ്കിലും ഒരുന്നതൻ സമ്മർദം ചെലുത്തി കൈമാറി. ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസർ സാജു ജേക്കബ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് കഴിഞ്ഞ ദിവസം ഇതിന് സ്റ്റേ വാങ്ങി.

ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാനുള്ള സംവിധാനങ്ങളൊരുക്കാൻ സാങ്കേതിക ഏജൻസിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.