പ്രവാസികളെ വീണ്ടും കൊള്ളയടിച്ച് വിമാന കമ്പനികൾ

Friday 06 June 2025 10:52 PM IST

മലപ്പുറം: ചെറിയ പെരുന്നാളിന് ടിക്കറ്റ് നിരക്ക് കാര്യമായി വർദ്ധിപ്പിക്കാതിരുന്ന വിമാന കമ്പനികൾ ബലി പെരുന്നാളിന് കൊള്ള നിരക്കാണ് ഈടാക്കിയത്. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ചു. പ്രവാസി കുടുംബങ്ങൾ ഏറെയുള്ള സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കുമാണ് കാര്യമായ നിരക്ക് വർദ്ധനവുള്ളത്. കുറഞ്ഞ അവധിക്ക് നാട്ടിലെത്തിയവർ ഈ മാസം അവസാനം ഗൾഫിലേക്ക് തിരിച്ചുപോവാൻ തുടങ്ങും. ഇത് മുന്നിൽ കണ്ട് ജൂലായ് വരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.

ദുബായ്, അബൂദാബി, ഷാർജ്ജ എന്നിവിടങ്ങളിൽ നിന്ന് കരിപ്പൂരിലേക്ക് ശരാശരി 35,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേസമയം കരിപ്പൂരിൽ നിന്ന് യു.എ.ഇ സെക്ടറിലേക്ക് 11,000 രൂപയ്ക്കും ടിക്കറ്റുണ്ട്. സൗദിയിലെ ജിദ്ദയിലേക്ക് ഇക്കണോമി സീറ്റിൽ 42,000 രൂപ വരെയാണ് നിരക്ക്. ഗൾഫ് സെക്ടറിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് ജിദ്ദയിലേക്കാണ്. സീസണല്ലാത്ത സമയങ്ങളിൽ 15,​000 രൂപയ്ക്ക് വരെ ടിക്കറ്റ് ലഭിക്കാറുണ്ട്. ഗൾഫിൽ ഏറ്റവും കൂടുതൽ പ്രവാസി കുടുംബങ്ങൾ ഉള്ളതും ജിദ്ദയിലാണ്. യു.എ.ഇയിലേക്കും സൗദിയിലേക്കും സീസണിൽ അധിക സർവീസുകൾ തുടങ്ങണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടില്ല.

വിമാന ടിക്കറ്റ് നിരക്ക്

ദുബായ് - കോഴിക്കോട് .................. 36,​000 - 39,​000

കോഴിക്കോട് - ദുബായ് .................. 16,​000 - 17,​000

അബുദാബി -കോഴിക്കോട് .............. 35,​000 - 40,​000

കോഴിക്കോട് - അബുദാബി ............ 11,000 - 14,000

കുവൈത്ത് - കോഴിക്കോട് ............... 28,000 - 30,000 കോഴിക്കോട് - കുവൈത്ത് .............. 20,000- 23,000

ദോഹ - കോഴിക്കോട് ........................ 33,000 - 36,000

കോഴിക്കോട് - ദോഹ ....................... 23,000 - 25,000

ജിദ്ദ - കോഴിക്കോട് ........................... 38,000 - 42,000

കോഴിക്കോട് - ജിദ്ദ ........................... 24,000 - 26,000

ദമാം - കോഴിക്കോട് ......................... 26,000 - 32,000

കോഴിക്കോട് - ദമാം ......................... 12,000 - 15,000

ഷാർജ്ജ - കോഴിക്കോട് ................... 34,000 - 36,000

കോഴിക്കോട് - ഷാർജ ................... 14,000 - 15,000