സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ: ഏഴിന മാർഗനിർദ്ദേശം

Saturday 07 June 2025 12:00 AM IST

കൊച്ചി: സ്‌കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷ ഓഡിറ്റിംഗ് അടക്കം ഏഴു മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പാമ്പുകടിയേൽക്കുന്ന സാഹചര്യമടക്കം ഒഴിവാക്കാൻ, സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന നിർദ്ദേശവും ഇതിൽപ്പെടുന്നു. വയനാട്ടിലെ സർക്കാർ സ്‌കൂളിൽ 2019ൽ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിംഗ് ഫയൽ ചെയ്ത ഹർജിയിലാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ ഇറക്കിയ സർക്കുലറാണ് ഹാജരാക്കിയത്.

ചൈൽഡ് എമർജൻസി മെഡിക്കൽ

റെസ്‌പോൺസ് പ്ലാൻ വേണം  ടോയ്ലെറ്റിൽ വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം.  സ്‌കൂളിൽ പ്രഥമ ശുശ്രൂഷാ കിറ്റ് വേണം. പ്രഥമശുശ്രൂഷയിൽ രണ്ട് ജീവനക്കാർക്കെങ്കിലും പരിശീലനം നൽകണം.  അടിയന്തര സാഹചര്യം നേരിടാൻ ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്‌പോൺസ് പ്ലാൻ തയ്യാറാക്കണം.

 ആന്റിവെനം, പീഡിയാട്രിക് മെഡിക്കൽ കെയർ തുടങ്ങിയവ ലഭ്യമാക്കാൻ അടുത്തുള്ള ആശുപത്രിയുമായി ഏകോപനം വേണം.  പാമ്പിനെ കണ്ടാൽ ഒഴിവാക്കാൻ വനംവകുപ്പുമായി ഏകോപനം വേണം. ഇഴജന്തുക്കളുണ്ടോ എന്നറിയാൻ സ്‌കൂളിലും പരിസരങ്ങളിലും പരിശോധന വേണം.  തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ അതോറിട്ടി, തദ്ദേശ സ്ഥാപനം എന്നിവയുമായി ചേർന്നു മോക്ക് ഡ്രിൽ നടത്തണം  നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്‌കൂൾ മേധാവികളും മാനേജ്‌മെന്റും ഉറപ്പാക്കുകയും ജില്ലാ വിദ്യാഭ്യാസ അധികൃതർ ഇടയ്ക്കിടെ പരിശോധിക്കണം.