ഇങ്ങനെ പോയാൽ പുഴ മത്സ്യവും കിട്ടാതാകും? വില്ലൻ മലയാളികളുടെയും വിദേശികളുടെയും ഇഷ്ട വിഭവത്തിന്റെ അപരന്‍

Friday 06 June 2025 11:03 PM IST

കൊച്ചി: രുചിയിലും കാഴ്ചയിലും കരിമീനിനോട് കിടപിടിക്കുന്ന സീബ്ര തിലാപ്പിയ മലയാളികളുടെ തീൻമേശയിലെ പ്രിയതാരമാവുന്നു. കറുപ്പും വെളുപ്പും ഇടകലർന്ന വരകളാണ് സാധാരണ തിലാപ്പിയയിൽനിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. കൂടുതൽ രുചിയും മാംസത്തിന് ഉറപ്പുമുള്ള ഇവയെ കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വില്പന വ്യാപകമായിട്ടില്ലെങ്കിലും കുളങ്ങളിലും ടാങ്കുകളിലും വളർത്തുന്നവരുടെ എണ്ണം വർദ്ധിച്ചു.

ഭക്ഷ്യാവശ്യത്തിനും അലങ്കാര മത്സ്യമായും ഇവയെ വളർത്താം. കേരളത്തിലെ സാഹചര്യത്തിൽ കുളങ്ങളിൽ ഇവ നന്നായി വളരുമെന്ന് ആലപ്പുഴ ഓച്ചിറ സ്വദേശി വിനോദും പെരുമ്പാവൂർ കീഴില്ലം സ്വദേശി ഹാൻസണും പറയുന്നു. ഇടത്തരം മത്സ്യത്തിനാണ് കൂടുതൽ രുചി. ഏതാണ്ട് പത്തുവർഷം മുമ്പാണ് മത്സ്യം കേരളത്തിലെത്തിയത്. വിളവെടുക്കാവുന്ന മത്സ്യം എന്ന ഔദ്യോഗിക അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. ആഫ്രിക്കൻ മുഷി പോലെ ഏതെങ്കിലും ഹാച്ചറികൾ എത്തിച്ചതാകാനാണ് സാദ്ധ്യതയെന്ന് ഫിഷറീസ് മേഖലയിലുള്ളവർ പറയുന്നു. കേരളത്തിലെ രുചിക്കൂട്ടുകളുമായി ചേരുന്നതിനാൽ ഇതിന് സ്വീകാര്യതയേറുകയാണ്. ആദ്യമൊക്കെ ഒരു മീൻകുഞ്ഞിന് 250 രൂപ വരെ വാങ്ങിയിരുന്നവരുണ്ട്. ഇപ്പോൾ 10-15 രൂപയ്ക്കു കിട്ടും.

പ്രത്യേകതകൾ

  • ശാസ്ത്രീയനാമം- ഹെറ്ററോ തിലാപ്പിയ ബുത്തികോഫറി
  • ജന്മദേശം-പടിഞ്ഞാറൻ ആഫ്രിക്കവളർച്ചയെത്തിയ മത്സ്യത്തിന്റെ വലിപ്പം-30-32 സെ.മീറ്റർ
  • വളർച്ച-6 മാസംകൊണ്ട് വിളവെടുക്കാം
  • ഭാരം-അരക്കിലോ വരെ
  • വെള്ളത്തിന്റെ പി.എച്ച് മൂല്യം- 6.8-8.00

'ഭീഷണി ആയേക്കാം,​ വേണം പഠനം"

കേരളത്തിന്റെ ആവാസവ്യവസ്ഥയുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന സീബ്ര തിലാപ്പിയ പെരുകുന്നത് നാടൻ ഇനങ്ങൾക്ക് ഭീഷണിയായേക്കാമെന്ന് കുഫോസ് ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് വകുപ്പ് മേധാവിയും ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗ് ഡീൻ ഇൻ ചാർജ് പ്രൊഫ. ഡോ. എം.കെ. സജീവൻ പറയുന്നു. ഭക്ഷ്യാവശ്യത്തിന് ഇവയെ വളർത്തുന്നത് വ്യാപകമായാൽ നദികളിലും കായലുകളിലും എത്തും. കരിമീൻ, പള്ളത്തി എന്നിവയ്ക്ക് ഭീഷണിയാകും.

അതേസമയം, കൂടുകൃഷിക്ക് ഏറ്റവും അനുയോജ്യമായ മത്സ്യമാണിത്. മീൻകെട്ടുകളിലും കുളങ്ങളിലും മറ്റും ഇവയെ വളർത്തുമ്പോൾ ബയോ ഫെൻസിംഗ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണം. കേരളത്തിലെ സാഹചര്യത്തിൽ ഇത് എളുപ്പമല്ല. ഇതുസംബന്ധിച്ച പഠനങ്ങൾ ഔദ്യോഗിക ഏജൻസികൾ നടത്തണം. പ്രായപൂർത്തിയായ സീബ്ര തിലാപ്പിയ ആക്രമണകാരിയാകുകയും സ്വന്തം സ്വാധീനമേഖല സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.