കൊമ്പുകുലുക്കി ഇന്ത്യൻ ഓഹരിവിപണി
കൊച്ചി: ഇന്ത്യൻ ഓഹരിവിപണിയുടെ കുതിപ്പിന് ശക്തി പകർന്ന് റിസർവ് ബാങ്കിന്റെ ഡബിൾ ധമാക്ക. റിപ്പോനിരക്ക് അരശതമാനവും ബാങ്കുകൾക്ക് സി.ആർ.ആർ (മൊത്തം നിക്ഷേപത്തിന് ആനുപാതികമായി റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പണത്തിന്റെ കരുതൽ ധന അനുപാതം) ഒരുശതമാനവും കുറച്ചത് ഇന്ത്യൻ ഓഹരിവിപണിയെ മുന്നേറ്റത്തിലേക്ക് നയിച്ചു. ഈ ആഴ്ചയുടെ അവസാനദിനമായ ഇന്നലെ സെൻസെക്സ് 746.95 പോയിന്റ് ഉയർന്ന് 82,188.99ലും നിഫ്റ്റി 252.15 പോയിന്റ്ഉയർന്ന് 25,003.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനായി ധനരംഗത്തെ വിദഗ്ദ്ധരുടെ കാൽശതമാനമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒറ്റയടിക്ക് അരശതമാനമാണ് റിസർവ് ബാങ്ക് റിപ്പോനിരക്ക് കുറച്ചത്. അപ്രതീക്ഷിതമായ ഈ നീക്കം വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ചുങ്കപ്പോരിനെ തുടർന്ന് ആഗോള സമ്പദ്മേഖലയിലുണ്ടായ അനിശ്ചിതത്വങ്ങൾക്കിടയിൽ മുന്നേറാൻ മടിച്ച് നിന്ന ഇന്ത്യൻ ഓഹരി വിപണിക്ക് ആവശ്യമായ പിന്തുണയായി ആർ.ബി.ഐയുടെ ധനനയം. മാദ്ധ്യമ മേഖല ഒഴികെ മെറ്റൽ, ഓട്ടോ തുടങ്ങി മറ്റെല്ലാ മേഖലകളിലെ ഓഹരികൾക്കും നേട്ടമാണുണ്ടായത്. 3.6 ലക്ഷം കോടി രൂപയാണ് നിക്ഷേപകർ ഇന്നലെ ഒറ്റദിവസം കൊണ്ട് ഓഹരിവിപണിയിൽ നിന്ന് സ്വന്തമാക്കിയത്. ബാങ്ക് ഓഹരികളും കുതിച്ചുയർന്നു.