പെരുന്നാൾ അവധി: വിവാദം കത്തിച്ചും പ്രതിരോധിച്ചും
മലപ്പുറം: ബലിപെരുന്നാൾ അവധി സംബന്ധിച്ച സർക്കാർ തീരുമാനം നിലമ്പൂരിൽ യു.ഡി.എഫ് ചൂടേറിയ ചർച്ചയാക്കിയതോടെ,പ്രതിരോധിച്ച് എൽ.ഡി.എഫ്. ന്യൂനപക്ഷ സമുദായത്തിന് നിർണായക വോട്ടുള്ള മണ്ഡലത്തിൽ മതവികാരം ഉണർത്തുന്ന വിവാദത്തെ ഏറെ കരുതലോടെയാണ് എൽ.ഡി.എഫ് നേരിടുന്നത്. മാസപ്പിറവി കാണാത്തതിനാൽ കേരളത്തിൽ ഇന്നാണ് ബലിപെരുന്നാൾ. സൗദിയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു. സർക്കാർ കലണ്ടർ പ്രകാരം വെള്ളിയാഴ്ചയാണ് അവധി. പെരുന്നാൾ ദിവസത്തിൽ വന്ന മാറ്റം എട്ട് ദിവസം മുമ്പേ മതപണ്ഡിതർ പ്രഖ്യാപിച്ചിട്ടും അവധിയിൽ മാറ്റം വരുത്തുന്നതിൽ സർക്കാർ അവസാന നിമിഷം വരെ കാത്തുനിന്നെന്ന് ചില മുസ്ലിം മതസംഘടനകൾ വിമർശിച്ചിരുന്നു. ഇത് അവസരമാക്കിയാണ് മുസ്ലിം ലീഗും കോൺഗ്രസും രംഗത്തെത്തിയത്. അവധി വിവാദത്തിന് പിന്നിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രീണന രാഷ്ട്രീയമാണെന്ന് എൻ.ഡി.എ വിമർശിച്ചു.
പെരുന്നാൾ അവധി റദ്ദാക്കിയ നടപടി ആരെയെങ്കിലും പ്രീണിപ്പിക്കാനാണോയെന്ന ചോദ്യവുമായി മുസ്‌ലിം ലീഗ് വിവാദത്തിന് തിരി കൊളുത്തി. ഒരു ജനവിഭാഗത്തോടുള്ള പ്രതികാരമാണ് സർക്കാരിന്റെ നടപടിയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വിമർശിച്ചു. നേരത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അവധി നൽകിയിരുന്നു. ഒരു കാരണവുമില്ലാതെ അത് റദ്ദാക്കി. സംഘപരിവാറിനേക്കാൾ വലിയ വർഗീയതയും ഫാസിസവും നടപ്പിലാക്കുന്നത് ഇടതുപക്ഷമാണെന്നും സലാം ആരോപിച്ചു.
എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരിച്ചടിച്ചു. പെരുന്നാൾ അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടിയും കുറ്റപ്പെടുത്തി. അവധിയിൽ കൃത്യസമയത്ത് സർക്കാരിന് തീരുമാനമെടുക്കാമായിരുന്നെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.