60ലേറെ കണ്ടുപിടിത്തം; 75ലും ജോസഫേട്ടൻ പുലി

Saturday 07 June 2025 12:13 AM IST

കൊച്ചി: കിടപ്പുരോഗിക്ക് സ്വയം നിവർന്നുനിൽക്കാനും ഇരിക്കാനും ചലിക്കാനും കഴിയുന്ന വീൽചെയർ ഉൾപ്പെടെ 60ൽപ്പരം വിവിധോദ്ദേശ്യ യന്ത്രങ്ങൾ സ്വയം വികസിപ്പിച്ചു. കോതമംഗലം ഗാന്ധിനഗർ പീച്ചനാട്ട് ജോസഫെന്ന റിട്ട. ജില്ലാ ലേബർ ഓഫീസർ 75ലും കണ്ടുപിടിത്തങ്ങളുടെ പണിപ്പുരയിലാണ്.

കിടപ്പുരോഗികൾ, വീട്ടമ്മമാർ, കർഷകർ, ചെറുകിട സംരംഭകർ തുടങ്ങിയ മേഖലയിലെ ആവശ്യങ്ങൾ പറഞ്ഞാൽമതി യന്ത്രത്തിന്റെ രൂപം ജോസഫിന്റെ തലച്ചോറിൽ ഉരുത്തിരിയും. സ്വന്തം വീട് നിർമ്മാണത്തിലെ കല്ല്, തടി, കോൺക്രീറ്റ്, ടൈൽവർക്ക് തുടങ്ങി 14തരം ജോലികൾ ഒറ്റയ്ക്കുചെയ്ത് ജോസഫ് കാൽനൂറ്റാണ്ടുമുമ്പേ ഞെട്ടിച്ചതാണ്. പാരമ്പര്യവൈദ്യൻ കൂടിയായ ജോസഫ് 30വർഷം മുമ്പ് സ്റ്റീംബാത്തിനും ധാരചികിത്സയ്ക്കുമുള്ള പ്രത്യേകയന്ത്രം രൂപകല്പന ചെയ്താണ് കണ്ടുപിടിത്തങ്ങളുടെ ലോകത്തേക്ക് കടന്നത്. സർക്കാർ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും ഇത് തുടർന്നു. 2000ൽ നാട്ടിൽ വൈദ്യുതിക്ഷാമം രൂക്ഷമായപ്പോൾ ഗ്യാസ് സ്റ്റൗവിൽനിന്ന് പാഴാകുന്ന ചൂടുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന അലുമിനിയം ഇസ്തിരിപ്പെട്ടി നിർമ്മിച്ചു.

അശരണരോടുള്ള ദീനാനുകമ്പയാണ് കണ്ടുപിടിത്തങ്ങളിലേക്കുള്ള പ്രചോദനം.

ആയാസമില്ലാതെ അരിവാർക്കാനും കൈതൊടാതെ തേങ്ങാപൊതിക്കാനും കറിക്കരിയാനും നിർമ്മിച്ച ഉപകരണങ്ങൾ വിജയിച്ചപ്പോഴാണ് 'ദശാവതാരം' (ടെൻ-ഇൻ-വൺ) നിർമ്മിച്ചത്. തേങ്ങപൊതിച്ച് പൊട്ടിച്ച് ചിരകിപ്പിഴിഞ്ഞ് പാലെടുക്കാം. പച്ചക്കറി അരിയാനും ഇടിയപ്പവും ചപ്പാത്തിയുമുണ്ടാക്കാനും കറിക്കത്തിയുടെ മൂർച്ചകൂട്ടാനും ഒറ്റ ഉപകരണം, അതാണ് ദശാവതാരം. കട്ടിലിൽ എണീറ്റിരിക്കാവുന്ന കിടപ്പുരോഗിക്ക് പരസഹായമില്ലാതെ നിലത്തിറങ്ങിയിരിക്കാനും തിരികെ കട്ടിലിൽ കയറിക്കിടക്കാനും ഒറ്റയ്ക്ക് ടോയ്ല‌െറ്റിൽ പോകാനുമുള്ള ഇലക്ട്രിക് വീൽചെയർ ആയിരത്തിലേറെപ്പേർക്ക് തുണയായി. കിടപ്പുരോഗിക്ക് സ്വയം നിവർന്നുനിൽക്കാനും ഇരിക്കാനും ചലിക്കാനും കഴിയുന്ന 'ജോപ്പീസ്' വീൽചെയറും ഹിറ്റാണ്.

ഇത്തരം വിജയങ്ങളാണ് കൂൺകൃഷിക്കാർക്കുവേണ്ടി പണിപ്പുരയിലുള്ള 'ഓട്ടോക്ലേവ് കം ഡ്രയർ' ഉൾപ്പെടെ 60ലെറെ യന്ത്രങ്ങളുടെ പിതാവായി ജോസഫിനെ വളർത്തിയത്. ഭാര്യ: എൽസമ്മ. ഏകമകൾ: ടിസ്യൂ ജോസഫ്. മരുമകൻ സിജോ (ദുബായ്).

* ഒരു ഡിഗ്രിയും 8 ഡിപ്ലോമയും

ചരിത്രത്തിൽ ബിരുദമുള്ള ജോസഫ് യന്ത്രനിർമ്മാണത്തോടുള്ള താത്പര്യത്താൽ കൃഷി, ക്ഷീരവികസനം, ജലശുദ്ധീകരണം, പരിസ്ഥിതി സംരക്ഷണം, ഇലക്ട്രിക് ഗ്യാസ് വെൽഡിംഗ്, സിവിൽ എൻജിനിയറിംഗ്, മെഡിക്കൽ ലാബ് ടെക്നീഷ്യൻ, എക്സ്റേ, ഓർത്തോട്ടിക് ടെക്നീഷ്യൻ തുടങ്ങിയ ഡിപ്ലോമകളും കരസ്ഥമാക്കി. ആലപ്പുഴ എസ്.ഡി.ഫാർമസിയിൽ മൂന്ന് വർഷത്തെ പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. കണ്ടുപിടിത്തങ്ങൾക്ക് നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.