ക്രിക്കറ്റിൽ നിന്ന് വിരമിച്ച് പിയൂഷ് ചൗള

Friday 06 June 2025 11:26 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ ലെഗ് സ്പിന്നർ പിയൂഷ് ചൗള 36-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഉത്തർപ്രദേശുകാരനായ പിയൂഷ് 2006ൽ മൊഹാലിയിൽ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റിലൂടെയാണ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. 2007ൽ മിർപുരിൽ ബംഗ്ളാദേശിനെതിരെ ഏകദിനത്തിലും 2010ൽ വിൻഡീസിനെതിരെ ട്വന്റി-20യിലും അരങ്ങേറി. മൂന്ന് ടെസ്റ്റുകളിലും 25 ഏകദിനത്തിലും ഏഴ് ടന്റി -20 കളിലും കളിച്ചു. 2007ലെ ടന്റി -20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ചൗള.2011ന് ശേഷം ഏകദിനത്തിലും 2012ന് ശേഷം ടെസ്റ്റിലും ട്വന്റി-20യിലും കളിച്ചിട്ടില്ല.

ആഭ്യന്തരക്രിക്കറ്റിലും ഐ.പി.എല്ലിലുമാണ് പിയൂഷ് ചൗള കൂടുതലും തിളങ്ങിയത്. ഉത്തർപ്രദേശ്, ഗുജറാത്ത് ടീമുകൾക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 446 വിക്കറ്റുകളെടുത്തു.

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബയ് ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ് ടീമുകൾക്കായി കളിച്ചു. കൊൽക്കത്തയ്ക്കൊപ്പം 2012, 2014 വർഷങ്ങളില്‍ ഐ.പി.എൽ കിരീടം നേടി.

ഐ.പിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനാണ് ചൗള. 192 മത്സരങ്ങളിൽ നിന്ന് താരം 192 വിക്കറ്റുകളെടുത്തു.