ആഞ്ചലോട്ടിക്ക് ബ്രസീലിൽ ഗോളില്ലാ അരങ്ങേറ്റം
ക്വിറ്റോ : റയലിൽ നിന്നിറങ്ങി ബ്രസീൽ ദേശീയ ടീമിന്റെ കോച്ചായുള്ള അരങ്ങേറ്റത്തിൽ ഗോൾരഹിത സമനിലയുമായി കാർലോ ആഞ്ചലോട്ടി. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിലാണ് ബ്രസീൽ ഗോളടിക്കാതെ പിരിഞ്ഞത്.15 മത്സരങ്ങളിൽ ബ്രസീലിന്റെ അഞ്ചാം സമനിലയാണിത്. ആറുകളികളിൽ മാത്രം ജയിക്കാനായതോടെയാണ് ബ്രസീൽ വിദേശത്തുനിന്ന് കോച്ചിനെ കൊണ്ടുവന്നത്. 22 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ബ്രസീൽ. 34 പോയിന്റുള്ള അർജന്റീനയാണ് ഒന്നാമത്. 24 പോയിന്റ് വീതമുള്ള ഇക്വഡോർ രണ്ടാമതും പരാഗ്വേ മൂന്നാമതുമാണ്.
അർജന്റീനയ്ക്ക് വിജയം, യോഗ്യത
കഴിഞ്ഞരാത്രി നടന്ന യോഗ്യത റൗണ്ട് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ കീഴടക്കി നിലവിലെ ജേതാക്കളായ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കി.16-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. സൂപ്പർ താരം ലയണൽ മെസി 57-ാം മിനിട്ടിൽ പകരക്കാരനായിറങ്ങിയെങ്കിലും ഗോളടിക്കാനായില്ല.