തെന്നല ബാലകൃഷ്ണപിള്ള, അടൂരിന്റെ ഹൃദയം കീഴടക്കിയ സാമാജികൻ

Saturday 07 June 2025 12:39 AM IST

അടൂർ : തെന്നല ബാലകൃഷ്ണപിള്ളയുടെ വേർപാടി​ലൂടെ അടൂരിന്റെ ഹൃദയം കീഴടക്കിയ നിയമസഭ സാമാജികനാണ് ചരി​ത്രത്തി​ന്റെ ഭാഗമാകുന്നത്. 1977ലും 1982 ലും അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച തെന്നല പരാജയപ്പെട്ട മണ്ണിൽ പൊരുതി ജയിച്ച രാഷ്ട്രീയ പോരാളികൂടി​യാണ്. 1967 ൽ അടൂരിന്റെ ആദ്യ എം.എൽ.എയായിരുന്ന ഇടത് സ്ഥാനാർത്ഥി രാമലിംഗം സ്വാമിയോട് തെന്നല പരാജയപ്പെടുന്നത് 13,000 വോട്ടുകൾക്കാണ്. എന്നാൽ 1977 ൽ 7700 വോട്ടുകൾക്ക് സി പി ഐയുടെ സി പി.കരുണാകരൻപിള്ളയെ പരാജയപ്പെടുത്തി​ അടൂരിന്റെ ആദ്യ കോൺഗ്രസ് എം.എൽ.എയായി തെന്നല നിയമസഭയിലെത്തി. എന്നാൽ ആഭരണകാലയളവ് അധികകാലം നീണ്ടുനിന്നില്ല.1980 ൽ നടന്ന തിര​ഞ്ഞെടുപ്പിൽ 3000 വോട്ടുകൾക്ക് വീണ്ടും തെന്നല പരാജയത്തിന്റെ രുചിയറിഞ്ഞു .അവിടെയും തെന്നലയിലെ രാഷ്ട്രീയ പോരാളി തളർന്നില്ല.1982ൽ വീണ്ടും നടന്ന തി​രഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ എം.എം.മാത്യുവിനെ 2700 വോട്ടുകൾക്ക് പരാജയപ്പെടുത്തി നി​യമസഭയി​ലെത്താൻ തെന്നലയ്ക്ക് സാധിച്ചു. അടൂരിന്റെ എം.എൽ.എയായിരുന്ന കാലഘട്ടത്തിൽ വിസ്മരിക്കാൻ കഴിയാത്ത നിരവധി വികസന നേട്ടങ്ങളിൽ കയ്യൊപ്പ് ചാർത്താനും പങ്കാളിയാകാനും അദ്ദേഹത്തിന് സാധിച്ചു. അടൂരിലെ കെ എസ് ആർ ടി സി ഗ്യാരേജ് സ്ഥാപിക്കുന്നത് തെന്നലയുടെ കാലത്താണ്. ഇന്ന് അടൂർ നഗരത്തിൽ തലയുയർത്തി നിൽക്കുന്ന റവന്യൂ ടവറിനു നിയമസഭയിൽ ഇടപെടൽ നടത്തി ഫണ്ട് അനുവദിപ്പിച്ചു, കല്ലിടൽ കർമ്മം നടത്തി നിർമ്മാണം ആരംഭിച്ചതും അദ്ദേഹത്തിന്റെ ഭരണകാലയളിവിലാണ്. പള്ളിക്കലിൽ പ്രാഥമിക ആരോഗ്യകേന്ദ്രം പൂർത്തിയാക്കുകയും പെരിങ്ങനാട് ,ഏഴംകുളം , ഏനാത്ത് , അടൂർ ,വില്ലേജ് ഓഫീസുകൾ യാഥാർത്ഥ്യമാക്കുകയും ഏഴംകുളം ഗവ.എൽ പി എസിനു കെട്ടിടം അനുവദിക്കുകയും ചെയ്തത് തെന്നലയാണ്. അടൂരിലെ പ്രധാന റോഡുകളിലും തെന്നലയുടെ പേരുണ്ട്. പന്നിവിഴ - തേപ്പുപാറ ,കുന്നിട - കുറുമ്പകര ,മാങ്കൂട്ടം - കൈതപ്പറമ്പ് റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കീഴിൽ പൊതുറോഡുകളായി മാറ്റിയതും തെന്നലയുടെ ഭരണനേട്ടമാണ്.

" പക്ഷപാതമില്ലാത്ത യഥാർത്ഥ ജനസേവകനായിരുന്നു തെന്നല. കോൺഗ്രസിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തി ഏവരെയും ഒന്നിച്ചു കൊണ്ടുപോകാൻ അദ്ദേഹത്തി​ന് സാധി​ച്ചു"

ചിറ്റയം ഗോപകുമാർ (നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ)

ഏതൊരാൾക്കും ആശ്രയമായിരുന്ന മികച്ച രാഷ്ട്രീയ നേതാവായി​രുന്നു തെന്നല. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ച കാലം മുതൽ അടുത്ത സൗഹൃദമുണ്ടായിരുന്നു.

തേരകത്ത് മണി (കെ.പി.സി.സി നിർവാഹകസമിതി അംഗം)