കാലവർഷക്കലിയിൽ വെറ്റിലക്കൊടി​ വാടി​

Saturday 07 June 2025 12:44 AM IST

പ്രമാടം : വിലയിടിവും ഉയർന്ന പരിപാലന ചെലവും മൂലം നട്ടംതിരിയുന്ന വെറ്റില കർഷകർക്ക് ഇരുട്ടടി​യായി​ കാറ്റും മഴയും. ജില്ലയിൽ ഒരു ഹെക്ടർ സ്ഥലത്തെ വെറ്റിലക്കൃഷി പ്രതികൂല കാലാവസ്ഥയെ തുടർന്ന് നശിച്ചു. കൃഷി നഷ്ടമായതോടെ പലരും ഉപേക്ഷിച്ചുപോകുന്ന അവസ്ഥയിലാണ്. കൃഷിവകുപ്പ് നാശനഷ്ട കണക്ക് ശേഖരിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം കി​ട്ടുന്ന കാര്യത്തി​ൽ ആശങ്കകൾ ഏറെയുണ്ട്. അന്യംനിന്നുപോകുന്ന വെറ്റില കൃഷി വീണ്ടും സജീവമാകുന്നതിന് പിന്നാലെയാണ് കാറ്റും മഴയും നാശം വി​തച്ചത്. ഒരുകാലത്ത് ജില്ലയിൽ നെൽ കൃഷി പോലെ സജീവമായിരുന്ന വെറ്റില കൃഷി ഇപ്പോൾ നാമമാത്രമായി​രി​ക്കുന്നു. വിലയിടിവും പരിപാലന ചെലവും കൂടി​യത് കൃഷി ഉപേക്ഷിക്കാൻ കാരണമായി​. പുതുതലമുറ ഈ കൃഷിയിലേക്ക് ഇറങ്ങിയിട്ടില്ല. പരമ്പരാഗതമായി വെറ്റില കൃഷി ചെയ്തു വരുന്നവരാണ് ഇപ്പോഴും ഈ രംഗത്തുള്ളത്.

താംബൂലത്തിനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന സസ്യമാണെങ്കിലും വിലസ്ഥിരതയില്ലാത്തത് വലിയ പ്രതിസന്ധിയാണ്. മറ്റു കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിലെ വിലസ്ഥിരതയോ ഇവർക്ക് ലഭ്യമല്ല. പത്ത് സെന്റിൽ കൃഷി ഇറക്കണമെങ്കിൽ അര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കർഷകർ പറയുന്നു.

വില സ്ഥി​രതയില്ലാത്ത കൃഷി

ഒരുകെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ 30 മുതൽ 50 രൂപ വരെ മാത്രമാണ് വിപണിയിൽ ലഭി​ക്കുക. നാല് അടുക്കുകളിലായി 20 എണ്ണം വീതം 80 വെറ്റിലയാണ് ഒരു കെട്ടിലുള്ളത്. മാസങ്ങൾക്ക് മുമ്പ് വരെ നൂറ് രൂപയോളം വില ലഭിക്കുമായിരുന്നു. കൊവിഡ് സമയത്ത് 240 - 300 രൂപ വരെ ലഭിച്ചിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്നാണ് മറ്റ് കൃഷികൾ ഉപേക്ഷിച്ച് പലരും വെറ്റില കൃഷിയി​ലേക്ക് മാറി​യത്.

തൊഴിലാളികളുടെ കൂലിയും പരിപാലന ചെലവും കഴി​ഞ്ഞാൽ ലാഭമൊന്നും കിട്ടാനില്ല. ഇതിന് പിന്നാലെയാണ് പ്രകൃതിക്ഷോഭം നാശം വിതച്ചത്.

കർഷകർ

കാറ്റും മഴയും നാശം വരുത്തിയ വെറ്റില കൃഷിക്ക് ന്യായമായ നഷ്ടപരിഹാരം വേണമെന്നും വിപണിയിൽ വിലസ്ഥിരത വേണമെന്നുമാണ് കർഷകരുടെ ആവശ്യം.

ജില്ലയിൽ വെറ്റില കൃഷി നശിച്ചത് : ഒരു ഹെക്ടർ സ്ഥലത്ത്

നഷ്ടം നേരിട്ടത് : 43 കർഷകർക്ക്.