തെന്നല പക്ഷമില്ലാത്ത പക്ഷക്കാരൻ
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ പക്ഷമില്ലാത്ത പക്ഷക്കാരനായ ഏകനേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. പാർട്ടിയിലെ ചിലപക്ഷങ്ങൾ തമ്മിൽ കൊമ്പുകോർക്കുമ്പോൾ ആ സൗമ്യ സാന്നിദ്ധ്യത്തിലാവും അവരുടെ വിളക്കി ചേർക്കൽ . ന്യായവും യുക്തിയും അങ്ങോട്ടോ ഇങ്ങോട്ടോ ഒരു തരിമ്പും മാറാതെയുള്ള വിധിപറച്ചിലാവും അദ്ദേഹം നടത്തുക. ' തെന്നല കമ്മിറ്റി'എന്നും ഏവർക്കും സ്വീകാര്യമായിരുന്നു. എ,ഐ ഗ്രൂപ്പുകൾ പടവെട്ടലിന്റെ വക്കോളമെത്തിയ പല സന്ദർഭങ്ങളിലും അനുനയത്തിന്റെ തെന്നലായി എത്തിയതും മറ്റാരുമല്ല.
കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിങ്ങിപ്പൊട്ടലായി രേഖപ്പെടുത്തേണ്ടിവരുമായിരുന്ന ഒരു സന്ദർഭം, 'നോ പ്രോബ്ള'മാക്കി മാറ്റിയത് തെന്നലയുടെ കാഴ്ചപ്പാടിന്റെ ഔന്നത്യം കൊണ്ടാണ്. തെന്നല കെ.പി.സി.സി പ്രസിഡന്റായിരിക്കെ 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളുമായി അത്യുജ്ജ്വല വിജയമാണ് യു.ഡി.എഫ് നേടിയത്. കോൺഗ്രസിന് മാത്രം 63 എം.എൽ.എമാരെ ലഭിച്ചത് പിന്നീട് ആവർത്തിക്കാനാവാതെ പോയ നേട്ടവും. വിജയത്തിന്റെ പാൽപ്പായസത്തിലേക്ക് പച്ചമണ്ണ് വീഴാൻ അധികസമയം വേണ്ടിവന്നില്ല. തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിൽ അന്നുണ്ടായിരുന്ന ബാറ്റ ഷോറൂമിൽ ചെരുപ്പ് വാങ്ങാൻ നിൽക്കുമ്പോഴാണ്, ഒപ്പമുണ്ടായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി പന്തളംസുധാകരന്റെ ഫോണിലേക്ക് ഒരു വിളി എത്തുന്നത്. ഗസ്റ്റ് ഹൗസിലേക്ക് ചെല്ലാൻ. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദും മറ്റൊരു പ്രമുഖ നേതാവായ മോത്തിലാൽ വോറയും അവിടെയുണ്ടായിരുന്നു.
ഹൈക്കമാൻഡുമായി ലീഡർ കെ.കരുണാകരൻ ഉണ്ടാക്കിയിരുന്ന ധാരണ തെന്നലയെ അറിയിക്കാനാണ് വിളിപ്പിച്ചത്. 'കെ.മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണം, തെന്നലജി രാജിവയ്ക്കണം ' പതിഞ്ഞ സ്വരത്തിൽ ഗുലാംനബി ആസാദ് പറഞ്ഞു തീരുംമുമ്പെ വന്നു, തെന്നലയുടെ വാക്കുകൾ 'നോ പ്രോബ്ളം' പിന്നാലെ നിഷ്കളങ്കമായ ആ ചിരിയും. പന്തളം സുധാകരനെയും കൂട്ടി നേരെ കെ.പി.സി.സി ആസ്ഥാനത്തെത്തി രാജിക്കത്ത് ടൈപ്പ് ചെയ്യിച്ച് അപ്പോൾ തന്നെ ഡൽഹിക്ക് അയച്ചു. ഒരു ദീർഘനിശ്വാസം പോലും അദ്ദേഹത്തിൽ നിന്നുണ്ടായില്ലെന്ന് പന്തളംസുധാകരൻ ഓർക്കുന്നു. അതാണ് തെന്നല എന്ന സാത്വികൻ. കൂടുതൽ കാലം ജീവിക്കുന്നതിലല്ല, ജീവിക്കുന്നിടത്തോളം എല്ലാവരുമായും സന്തോഷത്തോടെ ഇരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം.
രണ്ടുതവണ നിയമസഭാംഗവും രണ്ടു തവണ കെ.പി.സി.സി അദ്ധ്യക്ഷനുമായ ഈ മുതിർന്ന നേതാവിന്റെ പേര് സംസ്ഥാനത്തെ മന്ത്രിപ്പട്ടികയിൽ ഒരിക്കലും വരാതിരുന്നത് അധികാരത്തിന്റെ അപ്പം പങ്കിടുമ്പോൾ, കൈനീട്ടി നിൽക്കാൻ അദ്ദേഹം ശീലിച്ചിട്ടില്ലാത്തതിനാലാണ്. ഏതു രാഷ്ട്രീയത്തിലെയും പിന്മുറക്കാർ പഠിക്കേണ്ടതും ഈ മാതൃകയാണ്.