മാന്യനായ രാഷ്ട്രീയ നേതാവ്: മുഖ്യമന്ത്രി

Saturday 07 June 2025 1:39 AM IST

തിരുവനന്തപുരം: സർവാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് തെന്നല ബാലകൃഷ്ണപിള്ളയിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമായി ഉയർന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. വാർഡ് പ്രസിഡന്റ് മുതൽ കെ.പി.സി.സി പ്രസിഡന്റ് വരെയുള്ള ചുമതലകൾ നിർവഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. നിയമസഭയിലും രാജ്യസഭയിലും ഏറെ വർഷങ്ങൾ അംഗമായിരുന്ന അദ്ദേഹം ഓരോ വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയുമാണ് ഇടപെട്ടത്. സഹകാരി എന്ന നിലയിൽ കേരളത്തിന്റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ സംഭാവന ഗണ്യമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.